ഹമാസ് മാതൃകയില്‍ ഇന്ത്യയില്‍ ആക്രമണം നടത്തും; ഖലിസ്ഥാന്‍ സംഘടനയുടെ ഭീഷണി

നിജ്ജാറിന്റെ വധത്തിന് പകരം വീട്ടുമെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു.

0
185

ന്യൂഡല്‍ഹി: ഹമാസ് മാതൃകയില്‍ ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് ഖലിസ്ഥാന്‍ ഭീകരസംഘടനയുടെ ഭീഷണി. നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് തലവന്‍ ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍ ആണ് ഭീഷണി മുഴക്കിയത്. പഞ്ചാബില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങണമെന്നും ഖലിസ്ഥാന്‍ എന്ന സ്വതന്ത്ര സിഖ് രാഷ്ട്രം സ്ഥാപിക്കണമെന്നും പന്നൂന്‍ ആവര്‍ത്തിച്ചു. ഇതിന്റെ വീഡിയോ പുറത്തുവന്നു.

പ്രധാനമന്ത്രിയെ പാഠം പഠിപ്പിക്കുമെന്നും നിജ്ജാറിന്റെ വധത്തിന് പകരം വീട്ടുമെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു. പന്നൂനെ ഈ വര്‍ഷം ആദ്യം തന്നെ ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ സാഹചര്യങ്ങളും പലസ്തീനും ഇസ്രായേലും തമ്മിലുള്ള ദീര്‍ഘകാല സംഘര്‍ഷവും തമ്മില്‍ സമാനതകളുണ്ട്. ഇന്ത്യന്‍ സര്‍ക്കാര്‍ പഞ്ചാബിന് മേലുള്ള നിയന്ത്രണം തുടര്‍ന്നാല്‍ ശക്തമായ പ്രതികരണമുണ്ടാകുമെന്ന് പന്നൂന്‍ മുന്നറിയിപ്പ് നല്‍കി.

ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾക്ക് പിന്നിൽ താനും തന്റെ സംഘടനയാണെന്നും വെളിപ്പെടുത്തി ജി 20 നടക്കുന്ന സമയത്തും ഈ സംഘടന രം​ഗത്തെത്തിയിരുന്നു. ഈ വീഡിയോ സന്ദേശത്തിൽ പറയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ഹമാസ് മാതൃകയിൽ ഇന്ത്യയിലും ആക്രമണം നടത്തുമെന്നും ഇന്ത്യ കരുതിയിരിക്കണം എന്നുമാണ്. വീഡിയോ ദൃശ്യങ്ങളെ വളരെ ​ഗൗരവത്തോടെ തന്നെയാണ് കണ്ടിരിക്കുന്നതെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നു. നേരത്തെ ഇന്ത്യ പാകിസ്ഥാൻ മാച്ച് അഹമ്മദാബാദിൽ നടക്കുമ്പോഴും അതിന് നേരെ ആക്രമണം നടത്തുമെന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

English Summary: Khalistani Terrorist Gurpatwant Singh Pannun Warns India.