കരിപ്പൂർ സ്വർണക്കടത്ത്; സിഐഎസ്‌എഫ്‌ അസി. കമാൻഡന്റ്‌ നവീന്റെ ഫ്ലാറ്റിൽ പൊലീസ് പരിശോധന

കരിപ്പൂർ വിമാനത്താവളംവഴി 60 തവണ സ്വർണം കടത്തിയ സംഘത്തിന് എല്ലാ ഒത്താശയും ചെയ്തത് നവീൻ ആണെന്ന് കണ്ടെത്തി.

0
225

മലപ്പുറം: കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് അസിസ്‌റ്റൻ്റ് കമാൻഡൻ്റ് നവീനിന്റെ ഫ്ളാറ്റിൽ പൊലീസ് പരിശോധന നടത്തി. കൊണ്ടോട്ടി തലേക്കരയിലെ നവീനിന്റെ ഫ്ലാറ്റിലാണ് കൊണ്ടോട്ടി ഡിവൈഎസ്‌പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. സിഐഎസ്‌‌എഫ്‌, കസ്റ്റംസ്‌ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കരിപ്പൂർ വിമാനത്താവളംവഴി 60 തവണ സ്വർണം കടത്തിയ സംഘത്തെ പൊലീസ്‌ പിടികൂടിയിരുന്നു. സംഭവത്തിൽ നവീനിനെതിരെ കേസെടുത്തിന് പിന്നാലെയാണ് ഫ്ലാറ്റിൽ പരിശോധന നടക്കുന്നത്.

ഒക്ടോബർ അഞ്ചിന്‌ കരിപ്പൂർ പൊലീസ്‌ വിമാനത്താവള പരിസരത്ത്‌ നടത്തിയ പരിശോധനയാണ്‌ സ്വർണക്കടത്തിന്റെ ചുരുളഴിച്ചത്‌. പാർക്കിങ്‌ ഏരിയയിലെ നമ്പർ പ്രദർശിപ്പിക്കാത്ത ജീപ്പിലുണ്ടായ വയനാട്‌ സ്വദേശി എൻ വി മുബാറക്‌, മലപ്പുറം മൂർക്കനാടെ എ യൂസുഫ്‌, കൊണ്ടോട്ടിയിലെ കെ പി ഫൈസൽ, വള്ളുവമ്പ്രത്തെ എം മുഹമ്മദ്‌ നിഷാദ്‌ എന്നിവരെയും വിമാനത്താവളത്തിലെ ലഗേജ്‌ വിഭാഗം ജീവനക്കാരൻ ഷറഫലിയെയും ചോദ്യം ചെയ്‌തതിൽ നിന്നാണ്‌ സുപ്രധാന വിവരം ലഭിച്ചത്‌. മുബാറക്കും യൂസുഫും ജിദ്ദയിൽനിന്ന്‌ സ്വർണവുമായെത്തിയ യാത്രക്കാരും ഫൈസലും നിഷാദും സ്വർണം സ്വീകരിക്കാനെത്തിയവരുമായിരുന്നു. ഇവരിൽനിന്ന്‌ 503 ഗ്രാം സ്വർണ മിശ്രിതവും പിടികൂടി.

English Summary: Karipur gold smuggling case police search CISF Assistant Commandant Naveens flat.