റിപ്പോർട്ടർ ടിവിക്ക് ഇന്ന് നിര്‍ണായകം; ബാസിത്തിനെയും ഹരിദാസനെയും റയീസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

ലീഗുകാരനായ റിപ്പോർട്ടർ ടിവി പ്രതിനിധി അഷ്‌കര്‍ അലിയുടെ പങ്കാളിത്തവും ചോദ്യം ചെയ്യലിൽ പുറത്തുവരും.

0
4901

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ കൈക്കൂലി ആരോപണം ഉന്നയിക്കാൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ റിപ്പോർട്ടർ ടിവിക്ക് ബുധനാഴ്ച നിർണായകം. ഗൂഢാലോചന കേസിൽ ബാസിത്തിനെയും ഹരിദാസനെയും റയീസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യൽ ബുധനാഴ്ചയാണ്. ഇതോടെ വ്യാജ ആരോപണത്തിനു പിന്നിലെ ഗൂഡാലോചന പുറത്തുവരും.

മന്ത്രിയുടെ ഓഫീസിനെ പ്രതിസ്ഥാനത്ത്‌ നിർത്തി കൈക്കൂലി ആരോപണം ഉന്നയിക്കാൻ തീരുമാനിച്ചശേഷമാണ്‌ ബാസിത്‌ സെക്രട്ടറിയറ്റിലെത്തി പ്രൈവറ്റ്‌ സെക്രട്ടറിയോട്‌ പരാതി പറഞ്ഞത്‌. ഇതിന്‌ രണ്ടാഴ്‌ചമുമ്പായിരുന്നു ഗൂഢാലോചന. ബാസിതും ഹരിദാസനും റയീസുമടക്കമുള്ളവർ ഇതിൽ പങ്കാളികളായി. ഇതേത്തുടർന്നാണ്‌ അഭിഭാഷകനായ നൗഫൽ പരാതി തയ്യാറാക്കിയതും സ്വകാര്യ ചാനലിൽ ഹരിദാസൻ അഭിമുഖം നൽകിയതും.

സജീവ ലീഗ് പ്രവർത്തകനായ റിപ്പോർട്ടർ ടിവി പ്രതിനിധി അഷ്‌കര്‍ അലിയുടെ പങ്കാളിത്തവും മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതോടെ പുറത്തുവരും. ലീഗുകാരനായ അഷ്‌കര്‍ അലി ഗൂഢാലോചനയിൽ നിർണായക പങ്കാളിത്തം വഹിച്ചുവെന്നാണ് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ ഹരിദാസൻ പൊലീസിനോട് സമ്മതിച്ചത്. വേറെ ജനുസിൽപ്പെട്ട മാധ്യമപ്രവർത്തനമാണ് പ്രത്യേക ജനുസുകാരനായ അഷ്‌കര്‍ അലി നടത്തിയതെന്നും തെളിഞ്ഞിട്ടുണ്ട്.

മഞ്ചേരിയിൽനിന്ന്‌ ബാസിതിനെ തിരുവനന്തപുരത്ത് എത്തിച്ചു. നിലവിൽ പൊലീസ്‌ കസ്റ്റഡിയിലാണ് റയീസ്. വൈകിട്ടോടെ ഗൂഢാലോചനയടക്കം എല്ലാ കാര്യങ്ങളും വിശദമായി പുറത്തുവരുമെന്നാണ് സൂചന. രണ്ടുദിവസം നീണ്ട ചോദ്യംചെയ്യലിൽ കുറ്റസമ്മതം നടത്തിയ ഹരിദാസന്റെ രഹസ്യമൊഴി ബുധനാഴ്‌ച രേഖപ്പെടുത്തും. ഇതിനായി കന്റോൺമെന്റ്‌ പൊലീസ്‌ തിരുവനന്തപുരം സിജെഎം കോടതിയിൽ അപേക്ഷ നൽകി. കഴിഞ്ഞദിവസം അറസ്റ്റിലായ മൂന്നാംപ്രതി റയീസിനെ തിരുവനന്തപുരം സിജെഎം കോടതി മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.

അഖില്‍ മാത്യുവിനെതിരെ നടത്തിയ ഗൂഢാലോചനയില്‍ ഹരിദാസനെയും പ്രതി ചേർത്തിട്ടുണ്ട്. സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടിന് മുന്നില്‍ വച്ച് താന്‍ ആര്‍ക്കും പണം കൈമാറിയിട്ടില്ലെന്നും ഇയാള്‍ മൊഴി നല്‍കി. അഖില്‍ മാത്യുവിന്റെ പേര് പറയാന്‍ ഹരിദാസനെ പ്രേരിപ്പിച്ചതും മാധ്യമങ്ങളില്‍ വാര്‍ത്തയാക്കിയതും ബാസിതാണെന്ന് വ്യക്തമായിരുന്നു. സെക്രട്ടറിയേറ്റ് അനക്‌സ് രണ്ട് പരിസരത്ത് വെച്ച് അഖില്‍ മാത്യുവിന് പണം നല്‍കിയെന്ന് താന്‍ പറഞ്ഞത് നുണയാണെന്ന് ഹരിദാസന്‍ കുറ്റസമ്മതം നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം നടന്ന പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഹരിദാസന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പത്തനംതിട്ടയില്‍ അഖില്‍ മാത്യു വിവാഹ ചടങ്ങിന് പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കേസില്‍ വഴിത്തിരിവായത്. അഖില്‍ മാത്യുവിന്റെ പേര് പറഞ്ഞത് ബാസിത്തിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും സെക്രട്ടറിയേറ്റ് അനക്‌സ് രണ്ട് പരിസരത്ത് വച്ച് ആര്‍ക്കും പണം കൈമാറിയില്ലെന്നും ഹരിദാസന്‍ പറഞ്ഞു. ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം ഉയര്‍ന്നതിന് പിന്നാലെ തന്നെ ഹരിദാസന്റെ മൊഴികളിലെ വൈരുധ്യങ്ങള്‍ സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. തിരുവനന്തപുരത്ത് വെച്ച് പണം നല്‍കിയെന്നും എന്നാലത് വാങ്ങിയത് അഖില്‍ മാത്യു ആണോയെന്ന് അറിയില്ല, കണ്ണിന് കാഴ്ചയില്ല, സമയം ഓര്‍മയില്ല എന്നൊക്കെയായിരുന്നു ഹരിദാസന്റെ വിശദീകരണം. ഹരിദാസനെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴാണ് സത്യങ്ങള്‍ വരിയായി പുറത്തുവന്നത്.

English Summary: Crucial for Reporter TV; Basit, Haridasan and Raees will be interrogated together.