തിരുവനന്തപുരം: നിയമന കോഴ വിവാദത്തിൽ ആരോഗ്യ മന്ത്രിയുടെ പിഎ അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലന്ന് ബാസിതും സമ്മതിച്ചു. കന്റോൺമെന്റ് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം ബാസിത് പറഞ്ഞത്. ഹരിദാസനിൽ നിന്ന് പണം തട്ടിയെടുക്കാനാണ് മന്ത്രി ഓഫീസിന്റെ പേര് പറഞ്ഞതെന്നും മന്ത്രിയുടെ പിഎയുടെ പേര് പരാതിയിൽ എഴുതി ചേർത്തത് താനെന്നും ബാസിത് പൊലീസിനോട് പറഞ്ഞു. ബാസിതിനെ റിമാൻഡ് ചെയ്ത ശേഷം നാളെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.
നിയമന കോഴ കേസിലെ പ്രതികളെല്ലാം മയക്കുമരുന്നിന് അടിമകളാണെന്നാണ് പൊലീസ് പറയുന്നത്. ബാസിത്തും റഹീസും ലെനിനും ചേർന്നാണ് അഖിൽ സജീവിനെ കൊണ്ട് ഹരിദാസനെ ഫോൺ വിളിപ്പിച്ചതെന്നും ലെനിന്റെ അക്കൗണ്ടിലേക്ക് പണം ഇടാൻ നിർദ്ദേശിച്ചത് ബാസിത്താണെന്നും പൊലീസ് പറയുന്നു. നിയമന കോഴയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിയെയും പിഎയെയും അപകീർത്തിപ്പെടുത്താനും പണം തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തിയതിന്റെയും മുഖ്യ സൂത്രധാരൻ ബാസിത്താണെന്നും പൊലീസ് പറയുന്നുണ്ട്.
നേരത്തെ വിശദമായ ചോദ്യം ചെയ്യലില്‍ ആരോഗ്യമന്ത്രിയുടെ പിഎ അഖില്‍ മാത്യുവിനെതിരെ നല്‍കിയ പരാതി വ്യാജമെന്ന് ഹരിദാസന്‍ പൊലീസിനോട് ഏറ്റുപറഞ്ഞിരുന്നു. സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടിന് മുന്നില്‍ വച്ച് താന്‍ ആര്‍ക്കും പണം കൈമാറിയിട്ടില്ലെന്നും ഇയാള്‍ മൊഴി നല്‍കി. അഖില്‍ മാത്യുവിന്റെ പേര് പറയാന്‍ ഹരിദാസനെ പ്രേരിപ്പിച്ചതും മാധ്യമങ്ങളില്‍ വാര്‍ത്തയാക്കിയതും ബാസിതാണെന്ന് വ്യക്തമായിരുന്നു. പിന്നാലെ ഒളിവില്‍ പോയ ബാസിത്തിനെ മഞ്ചേരിയില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.
English Summary: Minister’s PA not paid; Basit’s statement is out.