ഇസ്രായേലിനെ ഹമാസ് ആക്രമിച്ചത് എന്തിന്?

വെസ്റ്റ് ബാങ്കിലും അൽ-അഖ്സ മോസ്കിലും നടത്തിയ ആക്രമങ്ങൾക്കുള്ള മറുപടിയാണ് ശനിയാഴ്ചത്തേതെന്ന് ഹമാസ് ഊന്നി പറയുന്നുണ്ട്.

0
286
Photo: Reuters

സാബത്ത് ദിവസം പുലരുമ്പോഴാണ് ഹമാസ് തൊടുത്തുവിട്ട ഷെല്ലുകൾ അപ്രതീക്ഷിതമായി ഇസ്രായേലിൽ പതിക്കുന്നത്. പാറ പൊട്ടിക്കുമ്പോൾ സമീപ പ്രദേശത്തുണ്ടാകുന്ന പ്രകമ്പനം പോലെ ഫ്ലാറ്റുകൾ കുലുങ്ങി. സ്ഫോടന ശബ്ദവും അപായ സൈറണും കേട്ടാണ് പലരും കണ്ണു തുറന്നത്. ഇസ്രായേലിനെ ആക്രമിക്കുന്നതിനായി 5,000 ഷെല്ലുകളാണ് ഹമാസ് തൊടുത്തത്. മിസൈലുകൾ ഇസ്രായേലിൽ പതിക്കാൻ ആരംഭിച്ചതോടെ നൂറുകണക്കിന് സായുധ പോരാളികൾ പ്രദേശത്തേക്ക് കടന്നു കയറുകയും സാധാരണക്കാർക്കു നേരെ വെടിയുതിർക്കുകയും ചെയ്തു. കര-കടൽ-വ്യോമ മാർ​ഗം ഒരേ സമയം കടന്നു കയറാനുള്ള ശ്രമവും ഹമാസ് നടത്തിയെന്നാണ് ഇസ്രായേലിൽ നിന്നുള്ള ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.

കുറച്ച് ദിവസങ്ങൾക്കു മുൻപ് ഇസ്രായേലി കുടിയേറ്റക്കാർ അൽ-അഖ്സ മോസ്കിൽ നടത്തിയ അവഹേളനങ്ങൾക്കുള്ള തിരിച്ചടിയാണ് ശനിയാഴ്ചത്തേതെന്ന് ഹമാസ് കമാൻഡർ മുഹമ്മദ് ദീഫ് പറഞ്ഞു. പലസ്തീനും ഇസ്രായേലിനും ഇടയിലുള്ള സുപ്രധാന സ്ഥലമാണ് അൽ-അഖ്സ. റെക്കോർഡ് ചെയ്ത സന്ദേശമാണ് ഹമാസ് പുറത്തുവിട്ടിരിക്കുന്നത്. നൂറുകണക്കിന് പലസ്തീനികളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയതിനുള്ള തിരിച്ചടികൂടിയാണിതെന്ന് കമാൻഡർ പറയുന്നു. ഇസ്രായേലി കുടിയേറ്റക്കാർ അൽ-അഖ്സ മോസ്ക് ആക്രമിച്ചത് പലസ്തീനികളെ പ്രകോപിപ്പിച്ചിരുന്നു.

ഹമാസ് ഇങ്ങനെയൊരു വാദം ഉന്നയിക്കുമ്പോഴും ആക്രമണത്തിനു പിന്നിൽ മറ്റുചില കാരണങ്ങൾകൂടിയുണ്ട്. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വിഭജനം നടക്കുന്ന കാലമാണിത്. വെസ്റ്റ് ബാങ്കിൽ ആഭ്യന്തര സംഘർഷങ്ങൾ രൂക്ഷമാണ്. കൂടാതെ സൗദി അറേബ്യ-ഇസ്രായേൽ-യുഎസ് ചർച്ചകളും നടക്കുന്നുണ്ട്. ഈ മൂന്ന് കാരണങ്ങൾ അക്രമത്തിന് ഹമാസിനെ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

വെസ്റ്റ് ബാങ്കിലും അൽ-അഖ്സ മോസ്കിലും നടത്തിയ ആക്രമങ്ങൾക്കുള്ള മറുപടിയാണ് ശനിയാഴ്ചത്തേതെന്ന് ഹമാസ് ഊന്നി പറയുന്നുണ്ട്. എന്നാൽ ഇസ്രായേലും സൗദിയും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെടുത്തുന്നതിനാണ് ഹമാസ് ശ്രമിക്കുന്നതെന്ന് യുഎസ് മുൻ ഇന്റലിജൻസ് സൈനിക ഉദ്യോ​ഗസ്ഥൻ പറയുന്നു. ഇസ്രായേലിനെ സൗദി അം​ഗീകരിച്ചാൽ മറ്റ് അറബ് രാഷ്ട്രങ്ങളും ഇതേ പാത പിന്തുടരുമെന്ന് ഹമാസ് ഭയപ്പെടുന്നു. അത്തരം കരാറുകൾ അം​ഗീകരിക്കപ്പെടുന്നതോടെ 1948 മുതൽ ഇസ്രായേലും അയൽക്കാരും തമ്മിലുള്ള ശത്രുത അവസാനിക്കും.

യുഎൻ മനുഷ്യാവകാശ സംഘടനയുടെ കണക്കനുസരിച്ച് ഈ വർഷം മാത്രം വെസ്റ്റ് ബാങ്കിൽ 700 തവണയാണ് ഇസ്രായേലി കുടിയേറ്റക്കാർ പലസ്തീനികളെ ആക്രമിച്ചത്. രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും വലിയ കണക്കാണിത്.

ഇസ്രായേലിലെ സുപ്രീംകോടതിയെ ദുർബലപ്പെടുത്തുന്ന ജുഡീഷ്യൽ പരിഷ്കരണം കൊണ്ടുവരാൻ നെതന്യാഹു ശ്രമിച്ചത് ഇസ്രായേലികൾക്കിടയിൽ ചേരിതിരിയലിന് ഇടയാക്കിയിരുന്നു. കനത്ത പ്രതിഷേധത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. പരിഷ്കരണത്തിന്റെ ആദ്യഭാ​ഗം മാർച്ചിൽ പാസാക്കിയിരുന്നു. പ്രധാനമന്ത്രിയെ അധികാരത്തിൽ നിന്നും നീക്കം ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള നിയമമായിരുന്നു അതിലൊന്ന്. ആരോ​ഗ്യപരമോ മാനസികപരമോ ആയ കാരണങ്ങളാൽ മാത്രമേ പ്രധാനമന്ത്രിയെ നീക്കാവൂ. അതിനുള്ള അധികാരം നേതാവിനും നേതാവിന്റെ ഓഫീസിനും മാത്രമായിരിക്കുമെന്നും നിയമത്തിൽ പറയുന്നു.

സ‌‍ർക്കാർ തീരുമാനങ്ങളെ അസാധുവാക്കുന്നതിൽ നിന്നും കോടതിയെ തടയുന്നതാണ് ജുലൈയിൽ പാസാക്കിയ പരിഷ്കാരങ്ങളുടെ രണ്ടാം ഭാ​ഗം. ഇസ്രായേലിൽ നിന്നുള്ള ചാനൽ-13 നടത്തിയ വോട്ടെടുപ്പിൽ 56% ഇസ്രായേലികളും ജുഡീഷ്യൽ പരിഷ്കരണം ആഭ്യന്തര യുദ്ധത്തിന് ഇടയാക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. ഈ സാഹചര്യം ഹമാസ് മുതലാക്കുകയായിരുന്നുവെന്ന് നാറ്റോയുടെ റിട്ട നേവി അഡ്മിറൽ ഗാമിസ് സ്റ്റാവ്രിഡിസ് വ്യക്തമാക്കുന്നു.

ഇസ്രായേലിലേക്കുള്ള നുഴഞ്ഞുകയറ്റത്തിനിടെ സിവിലിയൻമാരെയും സൈനികരെയും ഹമാസ് പിടികൂടിയിട്ടുണ്ട്. ​ഗാസ അതിർത്തിയിലുള്ള ഐഡിഎഫ് (ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്) പോസ്റ്റിലൂടെ സായുധ പോരാളികൾ നുഴഞ്ഞു കയറുന്നതിന്റെ ദൃശ്യങ്ങൾ ഹമാസ് പങ്കുവെച്ചിരുന്നു. ഇസ്രായേൽ സൈനികരെ പിടികൂടി ബന്ദികളാക്കി നലത്തുകിടത്തിയിരിക്കുന്ന ദൃശ്യങ്ങളും സൈനിക വാഹനങ്ങൾ പിടിച്ചെടുത്തതിന്റെ ദൃശ്യങ്ങളും ഹമാസ് പുറത്തുവിട്ടിട്ടുണ്ട്.

എസ് യു വി വാഹനത്തിലെത്തിയ ഹമാസ് സായുധ പോരാളികൾ സിവിലിയൻ വാഹനത്തിനെതിരെ വെടിയുതിർക്കുന്നതാണ് മറ്റൊരു വീഡിയോ. ആക്രമണ ദൃശ്യങ്ങൾ ടിവിയിൽ കണ്ടതിനു ശേഷം ഹമാസ് നേതാക്കൾ നിസ്കരിക്കുന്നതിന്റെ വീ‍ഡിയോയും പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച നടന്ന ആക്രമണത്തിൽ 300ൽ അധികം ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്. 2,000ത്തിൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ 232 പേർ കൊല്ലപ്പെട്ടതായും 1,790 പേർക്ക് പരിക്കേറ്റതായും പലസ്തീൻ ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.