സഹപാഠികളായ ആൺകുട്ടികൾ ചേർന്ന്‌ പീഡിപ്പിച്ചു; രാജസ്ഥാനിൽ രണ്ട്‌ പ്ലസ്‌ ടു വിദ്യാർഥിനികൾ ജീവനൊടുക്കി

പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

0
243

ജയ്പൂർ: രാജസ്ഥാനിൽ സഹപാഠികളായ നാല് ആൺകുട്ടികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതിനെത്തുടർന്ന് പ്രായപൂർത്തിയാകാത്ത രണ്ട്‌ പ്ലസ്‌ ടു വിദ്യാർഥിനികൾ ജീവനൊടുക്കി. പ്രതാപ്ഗഡ് ജില്ലയിലെ ഘണ്ടാലിയിലാണ് സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനികളും ബന്ധുക്കളുമായ പെണ്‍കുട്ടികളാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ശനിയാഴ്‌ച രാവിലെയായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ഒരാള്‍ ഒളിവിലാണെന്നും ഇയാളെ പിടികൂടാൻ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

പീപ്പാല്‍ ഖൂന്ദിലെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്നു പെൺകുട്ടികൾ. ഇരുവരും ഒരേ ക്ലാസിലായിരുന്നു പഠിച്ചിരുന്നത്. സ്വന്തം ക്ലാസിലെ നാല് ആൺകുട്ടികള്‍ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. 16 വയസുള്ള രണ്ട് പെൺകുട്ടികളും ബന്ധുക്കളാണെന്നും ജില്ലയിലെ പിപൽഖണ്ട് പൊലീസ് സ്റ്റേഷന് കീഴിലുള്ള ഒരു സർക്കാർ സ്‌കൂളിൽ പഠിച്ചവരാണെന്നും പൊലീസ് പറഞ്ഞു. ഘണ്ടാലി പൊലീസ് സ്‌റ്റേഷനു കീഴിലുള്ള നാൽപാഡ ഗ്രാമത്തിലെ വീട്ടിൽ വച്ചാണ്‌ ഇവർ വിഷം കഴിച്ചത്. പീഡിപ്പിക്കപ്പെട്ടതിലും പ്രതികളുടെ ഭീഷണിയിലും മനംനൊന്താണ് പെൺകുട്ടികള്‍ ജീവനൊടുക്കിയതെന്ന് ഘണ്ടാലി പൊലീസ് എസ്എച്ച്ഒ സോഹൻലാൽ പറഞ്ഞു.

പരാതിയിൽ നാല് ആൺകുട്ടികള്‍ക്കെതിരെ പീഡനത്തിനും ഭീഷണിപ്പെടുത്തിയതിനുമടക്കം പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടികൾ ആത്മഹത്യ ചെയ്തതിന് തൊട്ടുപിന്നാലെ ഒരാൾ നാടുവിട്ടതായാണ് സംശയം. സംഭവത്തിൽ പെൺകുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ബന്‍സ്വാര ഐജി എസ് പരിമല പറഞ്ഞു. പെൺകുട്ടികളെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതിന് സഹപാഠികളായ മൂന്ന് പേർക്കെതിരെ ഒരു പെൺകുട്ടിയുടെ പിതാവ് കഴിഞ്ഞ ബുധനാഴ്‌ച നൽകിയ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ; ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ)

English Summary: Teen Cousins Die By Suicide; Three of the accused were detained.