കാനഡയിൽ ചെറുവിമാനം തകർന്നുവീണു; ഇന്ത്യൻ ട്രെയിനി പൈലറ്റുമാർ അടക്കം മൂന്നുപേർ മരിച്ചു

മുംബൈ സ്വദേശികളായ അഭയ് ഗദ്രു, യാഷ് വിജയ് രാമുഗഡെ എന്നിവരാണ് മരിച്ചത്.

0
238

ഒട്ടാവ: കാനഡയിൽ ചെറുവിമാനം തകർന്ന് രണ്ട് ഇന്ത്യൻ ട്രെയിനി പൈലറ്റുമാർ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ശനിയാഴ്ചയായിരുന്നു അപകടമെന്ന് ‘സിബിസി ന്യൂസ്’ റിപ്പോർട്ട് ചെയ്തു. ‘പൈപ്പർ പിഎ-34 സെനെക’ ചെറുവിമാനമാണ് തകർന്നുവീണത്. ട്രെയിനി പൈലറ്റുമാരും മുംബൈ സ്വദേശികളുമായ അഭയ് ഗദ്രു, യാഷ് വിജയ് രാമുഗഡെ എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. മരിച്ച മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല.

വാൻകൂവറിൽ നിന്ന് 100 കിലോമീറ്റർ കിഴക്ക് ചില്ലിവാക്കിലുള്ള വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. ചില്ലിവാക്ക് നഗരത്തിലെ ഒരു മോട്ടലിന് പിന്നിലെ കുറ്റിക്കാട്ടിലാണ് വിമാനം തകർന്നുവീണത്. തലങ്ങും വിലങ്ങും നിയന്ത്രണം വിട്ട രീതിയിൽ പറന്ന വിമാനം മരക്കൊമ്പുകളിൽ തട്ടുന്നത് കണ്ടപ്പോൾ താൻ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് അപകടത്തിന് ദൃക്‌സാക്ഷിയായ ഹെയ്ൽ മോറിസ് പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

വിമാനം തകർന്നതിന്റെ കാരണം അറിവായിട്ടില്ല. വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ടതാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി കനേഡിയൻ പൊലീസ് അധികൃതർ പറഞ്ഞു. സംഭവത്തിൽ കാനഡയിലെ ഗതാഗത സുരക്ഷാ ബോർഡ് അന്വേഷണം ആരംഭിച്ചു.

English Summary: The pilots, Abhay Gadroo and Yash Vijay Ramugade, were from Mumbai.