ശക്തമായ കാറ്റും ഇടിമിന്നലും, കേരളത്തില്‍ വരും ദിവസങ്ങളിലും മഴക്ക് സാധ്യത

ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ മഴ സാധ്യത കണക്കിലെടുത്ത് ചില ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

0
121

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ മഴ സാധ്യത കണക്കിലെടുത്ത് ചില ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ തിങ്കളാഴ്ചയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നല്‍ അപകടകാരികളാണെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.