ശാരീരിക ബന്ധത്തിലേർപ്പെട്ടത് ഉഭയസമ്മതത്തോടെ; അഞ്ച് ലക്ഷം രൂപ വാങ്ങി, പക്ഷേ യുവതി ചതിച്ചു: ഷിയാസിന്റെ മൊഴി പുറത്ത്

ശനിയാഴ്ച രാവിലെയാണ്‌ ഷിയാസിനെ ചന്തേര പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

0
308

കാസർകോട്: പരാതിക്കാരിക്ക് താൻ വിവാഹ വാഗ്ദാനം നൽകിയിരുന്നുവെന്നും എന്നാൽ, പീഡിപ്പിച്ചിട്ടില്ലെന്നും നടനും ടെലിവിഷൻ താരവുമായ ഷിയാസ് കരീം. ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധം ഉണ്ടായിട്ടുള്ളത്. ലൈംഗിക പീഡനം നടന്നിട്ടില്ല. വിവാഹവാഗ്‌ദാനം നൽകിയിരുന്നു. എന്നാൽ യുവതി ചതിച്ചുവെന്ന് ഷിയാസ് കരീം മൊഴി നൽകി. വിവാഹം കഴിഞ്ഞത് യുവതി മറച്ചുവച്ചു. മാത്രമല്ല, മകനുള്ള കാര്യം തന്നിൽനിന്ന് ഒളിച്ചുവെച്ചതായും ചന്തേര പൊലീസിൽ നൽകിയ മൊഴിയിൽ ഷിയാസ് കരീം പറഞ്ഞു. പീഡിപ്പിച്ചിട്ടില്ലെന്ന കാര്യത്തിൽ ഷിയാസ് ഉറച്ചുനിന്നു. താൻ യുവതിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. പരാതിക്കാരി ഇപ്പോൾ ഉപയോഗിക്കുന്ന കാർ വാങ്ങാനാണ് ഇത് ഉപയോഗിച്ചുവെന്നും ഷിയാസിന്റെ മൊഴിയിൽ പറയുന്നു. ശനിയാഴ്ചയാണ് ചന്തേര പൊലീസ് ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്നായിരുന്നു മൊഴിയെടുക്കൽ.

കഴിഞ്ഞ ദിവസമാണ് ചെന്നൈ വിമാനത്താവളത്തിൽ ഷിയാസ് പൊലീസ് പിടിയിലായത്. ഗൾഫിൽനിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. ഷിയാസ് കരീമിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം ഷിയാസ് കരീമിനെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. അതേസമയം ഷിയാസ് കരീമിന് ഹൈക്കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ജിമ്മിൽ പരിശീലകയായ യുവതിയുടെ പരാതിയിലാണ് ചന്തേര പൊലീസ് ഷിയാസിനെതിരെ കേസെടുത്തത്. പണം തട്ടിയെടുത്തെന്നും കയ്യേറ്റം ചെയ്തെന്നും പരാതിയിൽ പറയുന്നു. എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിക്കുകയും ചെയ്തെന്നും പരാതിയിൽ ആരോപിക്കുന്നു. ഷിയാസ് കരീം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണു യുവതി പരാതിയുമായി എത്തിയത്. പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയതായും ചെറുവത്തൂരിൽ വച്ച് കയ്യേറ്റം ചെയ്തതായും പരാതിയിലുണ്ട്.

അതിനിടെ, ‘സ്ത്രീകള്‍ക്ക് എന്തിനാണ് കൂടുതല്‍ പ്രിവിലേജ് ‘ എന്ന പേരിൽ ഷിയാസ് കരീം സമൂഹ മാധ്യമത്തിൽ റീല്‍ പോസ്റ്റ് ചെയ്തതും വിവാദമായി. റീലിലെ സ്ത്രീ വിരുദ്ധത ചൂണ്ടികാട്ടിയാണ് സോഷ്യല്‍ മീഡിയ വിമര്‍ശനം ഉന്നയിക്കുന്നത്. സിനിമാതാരം സാധിക ഒരു അഭിമുഖത്തിനിടയില്‍ പറയുന്ന കാര്യങ്ങളാണ് റീല്‍ ആയി ഷിയാസ് കരീം പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോയ്ക്ക് കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. ഷിയാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ എത്തുന്നുണ്ട്.

English Summary: Promise of marriage had been made; But woman cheated: Shias Karim.