റോക്കറ്റ്‌ ആക്രമണം; ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേല്‍, ഭീതിയിൽ പശ്ചിമേഷ്യ

'ഓപ്പറേഷൻ അയൺ സ്വോർഡ്' എന്ന പേരിലാണ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്.

0
244

ജറുസലേം: വടക്കൻ ഇസ്രയേലിൽ ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. 15 പേർക്ക് സാരമായി പരിക്കേറ്റു. റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്തം പലസ്‌തീനിയന്‍ സായുധവിഭാഗമായ ഹമാസ് ഏറ്റെടുത്തു. ഗാസയില്‍നിന്ന് ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലിന്റെ ഭൂപ്രദേശത്തേക്ക് നുഴഞ്ഞുകയറിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ‘ഓപ്പറേഷൻ അയൺ സ്വോർഡ്’ എന്ന പേരിലാണ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും കനത്ത ഭീതി ഉടലെടുത്തതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ ‘എ എഫ് പി’ റിപ്പോർട്ട് ചെയ്തു.

ഇസ്രയേലിന്റെ സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഹമാസിന്റെ ആക്രമണം. ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ട് അയ്യായിരം റോക്കറ്റുകൾ തൊടുത്തതായി ഹമാസ് അവകാശപ്പെട്ടു. 20 മിനിറ്റിനുള്ളിലാണ് ‘ഓപ്പറേഷന്‍ അല്‍ അക്‌സാ ഫ്‌ളഡിന്റെ’ ഭാഗമായി റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് തൊടുത്തതെന്ന് ഹമാസ് അവകാശപ്പെട്ടതായി ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടതായാണ് ഇസ്രയേൽ പ്രതിരോധ വക്താവ് പറഞ്ഞത്. ഇസ്രയേൽ ആക്രമണത്തിൽ രണ്ട് പലസ്തീൻ യുവാക്കൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ ഗാസാ മുനമ്പിൽ വ്യോമാക്രമണം നടത്തിയിരുന്നു.

ഹമാസ് ആക്രമണത്തെതുടർന്ന് സൈന്യത്തോട് സജ്ജമാകാന്‍ ഇസ്രായേല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹമാസ് ഭീകരര്‍ രാജ്യത്തേക്ക് നുഴഞ്ഞ് കയറിയതായും മുന്നറിയിപ്പുണ്ട്. ആക്രമണം തുടങ്ങിയതോടെ സുരക്ഷാ മേധാവികളുടെ യോഗം ഉടൻ വിളിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഹമാസ് പ്രവർത്തനങ്ങൾക്ക് വലിയ വില നൽകേണ്ടിവരുമെന്ന് ഇസ്രയേൽ പ്രതിരോധ വക്താവ് പറഞ്ഞു. പുലർച്ചെയാണ് വടക്കൻ ഇസ്രയേലിൽ റോക്കറ്റാക്രമണം ഉണ്ടായത്. അടുത്തിടെ ഏറ്റവും ശക്തമായ ആക്രമണത്തിനാണ് ഹമാസ് തുടക്കമിട്ടത്. യന്ത്രതോക്കുകളുമായി ഇസ്രയേലിൽ കടന്ന ഹമാസ് സായുധ സംഘം വെടിവെപ്പും നടത്തി. വിവേചനരഹിതമായി ഗ്രനേഡ് ആക്രമണവും വെടിവെപ്പും ഉണ്ടായതായി ഇസ്രയേൽ അറിയിച്ചു. ജെറുസലേം, ടെൽ അവീവ് അടക്കം പ്രധാന ഇസ്രയേൽ നഗരങ്ങളിലെല്ലാം ആക്രമണമുണ്ടായി.

അൽ അഖ്‌സ പള്ളിക്കുനേരെ നടന്ന ഇസ്രായേലി അതിക്രമങ്ങൾക്ക് മറുപടിയാണ് ആക്രമണമെന്നാണ് ഹമാസിന്റെ വിശദീകരണം. മാസങ്ങളായി താരതമ്യേന ശാന്തമായിരുന്ന മേഖല പൊടുന്നനെ യുദ്ധ സാഹചര്യത്തിലേക്ക് എത്തിയത് വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്.

English Summary: Ready For War; Israel After Hamas Launches 5,000 Rockets From Gaza.