തിരുവനന്തപുരം: വീട്ടിലെ മലിന ജലം പുറത്തേക്ക് ഒഴുകുന്ന പൈപ്പിൽ കയറി ഒളിച്ച കൂറ്റൻ പെരുമ്പാമ്പിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തു. ആര്യനാട് ചൂഴ സ്വദേശി രവിയുടെ വീട്ടിലെ മലിനജലം പുറത്തേക്ക് ഒഴുക്കുന്ന 15 മീറ്റർ നീളമുള്ള പൈപ്പിനകത്താണ് കൂറ്റൻ പെരുമ്പാമ്പ് കയറിയൊളിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്. മലിനജലം പോകാതെ കെട്ടിക്കിടക്കുന്നതിനാൽ വീട്ടുകാർ പൈപ്പ് പരിശോധിച്ചപ്പോഴാണ് പെരുമ്പാമ്പ് അകത്ത് കയറിയിരിക്കുന്നതായി കണ്ടത്.
പരിഭ്രാന്തരായ വീട്ടുകാർ ഉടൻ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു.
സ്ഥലത്തെത്തിയ പരുത്തിപ്പള്ളി റേഞ്ചിലെ ആർആർടി അംഗം ആർ ആർ ടി അംഗം റോഷ്നിയാണ് പാമ്പിനെ പിടികൂടി ചാക്കിലാക്കിയത്. സിമൻറ് കെട്ടുകളും പൈപ്പും ഒക്കെ പൊളിച്ചാണ് പാമ്പിനെ പുറത്തെടുത്തത്. രണ്ടുമണിക്കൂറിലേറെ പണിപ്പെട്ടാണ് പാമ്പിനെ പിടികൂടാനായത്. പിടികൂടിയ പാമ്പിന് പത്തടിയിലേറെ നീളവും 25 കിലോ ഭാരവുമുണ്ടായിരുന്നു. പെരുമ്പാമ്പിനെ പിന്നീട് വനംവകുപ്പ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി.
രണ്ടുമാസം മുമ്പും റോഷ്‌നി കോട്ടൂർ പാറക്കോണം തോട്ടിൽ നിന്ന് 25 കിലോ ഗ്രാം ഭാരവും 12 അടി നീളവുമുള്ള പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. നാട്ടുകാർ വിവരമറിയിച്ച് സ്ഥലത്തെത്തിയ റോഷ്നി പാമ്പിനെ വാലിൽ പിടിച്ച് കരക്കിട്ട ശേഷം ചാക്കിലേക്ക് മാറ്റുന്നതിന്റെ വീഡിയോ വൈറലായിരുന്നു.
English Summary: Huge Python caught by Beat Forest Officer Roshni.