കന്യാകുമാരിയിൽ സ്വകാര്യ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനി മരിച്ച നിലയിൽ; അധ്യാപകരുടെ മാനസിക പീഡനമെന്ന് ആരോപണം

ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരുകള്‍.

0
249

കന്യാകുമാരി: സ്വകാര്യ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിൽ വിദ്യാര്‍ഥിനി മരിച്ചനിലയില്‍. കുലശേഖരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനിയെയാണ് ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തൂത്തുക്കുടി സ്വദേശി ശിവകുമാറിന്റെ മകള്‍ സുകൃത(27)യെയാണ് ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് സുകൃത. അധ്യാപകരുടെ മാനസിക പീഡനത്തെത്തുടർന്നാണ് സുകൃത ജീവനൊടുക്കിയതെന്നാണ് ആരോപണം. പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ വിദ്യാര്‍ഥിനി മൂന്ന് അധ്യാപകരുടെ പേരുകള്‍ എഴുതിയിട്ടുണ്ടെന്നാണ് വിവരം. മൃതദേഹം നാഗര്‍കോവിലിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കുലശേഖരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞദിവസം ക്ലാസില്‍ പോകാതിരുന്ന പെണ്‍കുട്ടി ഹോസ്റ്റല്‍ മുറിയില്‍ തനിയെ കഴിയുകയായിരുന്നു. രാത്രി മറ്റു വിദ്യാർഥികൾ ഹോസ്റ്റലില്‍ തിരിച്ചെത്തിയപ്പോഴാണ് സുകൃതയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ; ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ)

English Summary: Private medical college student found dead in Kanyakumari.