കൊച്ചി: ലൈംഗികാതിക്രമക്കേസിൽ വ്ളോഗർ മല്ലു ട്രാവലറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. എറണാകുളം സെഷൻസ് കോടതിയാണ് ഷാക്കിർ സുബാന്റെ ജാമ്യാപേക്ഷ തള്ളിയത്. സെപ്റ്റംബർ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വിളിച്ചുവരുത്തിയ യുട്യൂബർ തന്നെ പീഡിപ്പിച്ചുവെന്ന സൗദി യുവതിയുടെ പരാതിയിലാണ് കേസ്. യുവതി എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകുകയും, മജിസ്ട്രേറ്റിന് മുൻപിൽ രഹസ്യ മൊഴി നൽകുകയും ചെയ്തിരുന്നു.
ലൈംഗികാതിക്രമ പരാതിയിൽ മല്ലു ട്രാവലർക്കെതിരെ പൊലീസ് നേരത്തെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഷാക്കിർ സുബ്ഹാൻ വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നൽകിയിട്ടുള്ള നിർദ്ദേശം. പരാതിയിൽ സൗദി യുവതിയുടെ രഹസ്യ മൊഴി എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു. യുവതി സൗദി എംബസിക്കും, മുബൈയിലെ കോൺസുലേറ്റിനും പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും കേസിൻ്റെ വിവരങ്ങൾ ശേഖരിച്ച് വരികയാണ്.
തനിക്കെതിരായ പീഡന പരാതി കള്ളമാണെന്ന് ഷക്കീർ സുബാൻ പ്രതികരിച്ചിരുന്നു. വാർത്ത നൂറുശതമാനവും വ്യാജമാണെന്നും മതിയായ തെളിവുകൾ കൊണ്ട് അതിനെ നേരിടുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.