‘ബങ്കറുകളിലാണ്, സ്ഫോടനശബ്ദം കേൾക്കാം’; ഇസ്രയേലിലെ ഗുരുതര സാഹചര്യം വെളിപ്പെടുത്തി മലയാളി നേഴ്‌സുമാർ

താമസസ്ഥലം ഉൾപ്പെടെ തകർന്നു, ബങ്കറുകളിൽ അഭയം തേടി മലയാളികൾ.

0
371

ടെൽ അവീവ്: പശ്ചിമേഷ്യയെ അസ്വസ്ഥമാക്കി ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ, ഇസ്രയേലിൽ സ്ഥിതി ഗുരുതരമെന്ന് മലയാളികൾ. ഭൂരിഭാഗം പേരും ബങ്കറുകളിൽ അഭയം തേടി. നിരവധി മലയാളികളാണ് കുടുങ്ങിയിട്ടുള്ളത്.

പല മലയാളികളുടെയും താമസസ്ഥലം ഉൾപ്പെടെ തകർന്നു. കനത്ത ഷെൽ ആക്രമണവും ബോംബ് അക്രമണവും അനുഭവിക്കുകയാണെന്ന് ഇസ്രയേലിലെ മലയാളികൾ പറയുന്നു. സമീപകാലത്തെങ്ങുമുണ്ടാകാത്ത രീതിയിലുള്ള ആക്രമണമാണുണ്ടായതെന്നും ബങ്കറുകളിൽ തന്നെ കഴിയണമെന്നുമാണ് മലയാളികൾക്ക് ലഭിച്ചിട്ടുള്ള നിർദേശം. വീടിന് പുറത്തിറങ്ങരുതെന്നാണ് തെക്കൻ ഇസ്രായേൽ മേഖലയിലുള്ള ജനങ്ങൾക്കുള്ള ജാഗ്രതാനിർദേശം.

പലസ്തീൻ സായുധസംഘമായ ഹമാസിന്റെ നിരവധി പ്രവർത്തകർ ആയുധങ്ങളുമായി വാഹനത്തിൽ നിന്നിറങ്ങി പുറത്ത് കറങ്ങി നടക്കുന്നത് കാണാമെന്നും മലയാളികൾ പറയുന്നു. ആറായിരത്തിലധികം മലയാളികൾ അടക്കം ഇരുപതിനായിരത്തോളം ഇന്ത്യാക്കാർ നിലവിൽ ഇസ്രയേലിലുണ്ടെന്നാണ് ഏകദേശ കണക്കുകൾ. മലയാളികളിൽ ബഹുഭൂരിഭാഗവും നേഴ്‌സുമാരാണ്. ഇവരിൽ പലരും ഇപ്പോൾ ബങ്കറുകളിലാണ് ഉള്ളത്.

പുറത്ത് വലിയ തോതിലുള്ള സ്ഫോടന ശബ്ദവും പൊട്ടിത്തെറിയും കേൾക്കുന്നുണ്ടെന്നും മലയാളികൾ ആകെ ഭയചകിതരാണെന്നും കഴിഞ്ഞ എട്ടുവർഷമായി ഇസ്രയേലിൽ നേഴ്‌സായി സേവനമനുഷ്ഠിക്കുന്ന യുവതി വാർത്താ ഏജൻസിയോട് പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷത്തിനിടെ ഇത്തരമൊരു ആക്രമണം ഉണ്ടായിട്ടില്ലെന്ന് ജറുസലേമിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന മറ്റൊരു നേഴ്സും പറഞ്ഞു. ഇസ്രയേലിലെ പുതിയ സാഹചര്യത്തിൽ കേരളത്തിലും കനത്ത ആശങ്ക ഉടലെടുത്തിട്ടുണ്ട്. അവിടെ ജോലി ചെയ്യുന്നവരുടെ ബന്ധുക്കളാകെ ഭീതിയിലാണ് കഴിയുന്നത്.

സാഹചര്യം സങ്കീര്‍ണമാണെന്ന് ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതിയും സ്ഥിരീകരിച്ചു. ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടലിന്റെ സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ എംബസി നിർദേശിച്ചു.

സംഘർഷ മേഖലയിലുള്ളവർ ഏറെ കരുതലോടെ കഴിയണം. പ്രാദേശിക ഭരണകൂടത്തിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. സുരക്ഷിത സ്ഥാനത്ത് തുടരണം. അനാവശ്യ യാത്രകൾ ഒഴിവാക്കണം. അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാൻ ഹെൽപ്പ്ലൈൻ നമ്പറും ഇമെയിലും നിർദേശത്തോടൊപ്പം നൽകിയിട്ടുണ്ട്. മലയാളമടക്കം വിവിധ ഇന്ത്യൻ ഭാഷകളിലും ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

English Summary: Keralaites in Israel on tenterhooks amid war.