ആധാരം കത്തിപ്പോയെന്ന് ബാങ്ക് അധികൃതർ; ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്‌തൃ കോടതി

ആധാരവും മറ്റു രേഖകളും 2017ല്‍ സംഭവിച്ച തീപിടിത്തത്തില്‍ നശിച്ചുപോയതായി ബാങ്ക് അറിയിക്കുകയായിരുന്നു.

0
174

കോട്ടയം: വിദ്യാഭ്യാസ വായ്പയ്ക്ക് ഈടായി നല്‍കിയ ആധാരം നഷ്ടപ്പെടുത്തിയ സംഭവത്തില്‍ ഐഡിബിഐ ബാങ്ക് ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്‌തൃ തര്‍ക്കപരിഹാര കമ്മീഷൻ. വസ്തു ഉടമ കോട്ടയം പാമ്പാടി സ്വദേശി ഡോ. അനിൽകുമാറിനാണ് ഐഡിബിഐ ബാങ്ക് നഷ്ടപരിഹാരം നൽകേണ്ടത്.

ഡോ. അനില്‍കുമാര്‍ മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനായി ഭൂമി പണയപ്പെടുത്തി ഐഡിബിഐ ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു. വായ്പയ്ക്കായി അസല്‍ ആധാരവും മുന്നാധാരവും ബാങ്കില്‍ ഈടായി നല്‍കി. ലോണ്‍ അടച്ചു തീര്‍ത്തശേഷം, ആധാരം അടക്കമുള്ളവ അനിൽകുമാർ തിരികെ ആവശ്യപ്പെട്ടു. എന്നാൽ, വസ്തുവിന്റെ ആധാരവും മറ്റു രേഖകളും 2017ല്‍ സംഭവിച്ച തീപിടിത്തത്തില്‍ നശിച്ചു പോയതായി ബാങ്ക് അറിയിക്കുകയായിരുന്നു. ഇതാകട്ടെ മൂന്നുവർഷം കഴിഞ്ഞ് 2020 ഡിസംബര്‍ 18നാണ് വിവരം അനില്‍കുമാറിനെ ബാങ്ക് അറിയിക്കുന്നത്. തുടര്‍ന്ന് രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കി. അസല്‍ ആധാരം തിരികെ നല്‍കാത്തതിനെതിരെ അനില്‍കുമാര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനെ സമീപിച്ചു.

ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളുടെ അഭാവം ഉടമസ്ഥാവകാശത്തില്‍ സംശയം ജനിപ്പിക്കാനും സ്ഥലത്തിന്റെ കമ്പോള വിലയില്‍ കുറവു വരുത്താനും ഇടയാക്കുമെന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ വിലയിരുത്തി. ഈടായി നല്‍കിയ പ്രമാണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാതിരുന്നത് ഐഡിബിഐ ബാങ്കിന്റെ ഭാഗത്തു നിന്നുമുണ്ടായ സേവന ന്യൂനതയാണെന്നും കമ്മീഷന്‍ കണ്ടെത്തി. തുടര്‍ന്നാണ് ഹര്‍ജിക്കാരന് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും നല്‍കാന്‍ അഡ്വ. വി എസ് മനുലാല്‍ പ്രസിഡന്റും അഡ്വ. ആര്‍ ബിന്ദു, കെ എം ആന്റോ എന്നിവര്‍ അംഗങ്ങളുമായ കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടത്.

English Summary: Kottayam Consumer Court Judgement against IDBI Bank.