മുനമ്പത്ത് ബോട്ട് മുങ്ങി കാണാതായവരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി; രണ്ടുപേർക്കായി തെരച്ചിൽ

0
179

കൊച്ചി: മുനമ്പം ബോട്ട് അപകടത്തിൽപ്പെട്ട് കാണാതായ നാലുപേരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ചാപ്പ കടപ്പുറം സ്വദേശി മോഹനന്റെ (53) മൃതദേഹമാണ് കണ്ടെത്തിയത്. മാലിപ്പുറം കടപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാലിപ്പുറം സ്വദേശി ശരത്തിൻ്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ടുണ്ടായ അപകടത്തിലാണ് ഇവരെ കാണാതായത്.

ഇതോടെ രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു. അരീക്കോട് ഏഴ് ഭാഗത്തുനിന്നാണ് ശരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കാണാതായ ഷാജി (53), ആലപ്പുഴ സ്വദേശി രാജു (56) എന്നിവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു.

വ്യാഴാഴ്‌ച വൈകീട്ട് അഞ്ചോടെ മുനമ്പം അഴിമുഖത്തുനിന്ന് പടിഞ്ഞാറ് കടലിൽ കിടന്നിരുന്ന ‘സമൃദ്ധി’ എന്ന ബോട്ടിൽനിന്ന്​ മത്സ്യം എടുത്തുവരികയായിരുന്ന ‘നന്മ’ ഫൈബർ വള്ളം മുങ്ങിയാണ് ഇവരെ കാണാതായത്. ബോട്ടിലുണ്ടായിരുന്ന ഏഴുപേരിൽ ആനന്ദൻ, മണികണ്ഠൻ, ബൈജു എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഫോർട്ട്‌കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴാണ് ബോട്ട് അപകടത്തിൽ പെട്ടത്. നേവി, കോസ്റ്റ് ഗാർഡ്, ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ്, മത്സ്യത്തൊഴിലാളികൾ എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്