ഇസ്രയേലിന്റെ പ്രത്യാക്രമണം; ഗാസയിൽ മരണം മുന്നൂറിനടുത്ത്, 50 ഇസ്രയേലികളെ ബന്ദികളാക്കി ഹമാസ്

റോക്കറ്റാക്രമണത്തിൽ ഇസ്രയേലിലെ മരണസംഖ്യ 40 കവിഞ്ഞു, രണ്ടായിരത്തിലേറെ പേർക്ക് പരിക്ക്.

0
301

ടെൽ അവീവ് /ഗാസ: ലോകത്തെയാകെ ആശങ്കയിലാക്കി ഇസ്രയേല്‍ – പലസ്തീന്‍ യുദ്ധാവസ്ഥ തുടരുന്നതിനിടെ, പലസ്തീന്‍ പ്രദേശമായ ഗാസ മുനമ്പില്‍ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ 300ഓളം പേർ മരിച്ചതായാണ് റിപ്പോർട്ട്. പലസ്തീന്‍ മേഖലയില്‍ ഇതിനോടകം ഇരുന്നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് ‘അല്‍ജസീറ’ റിപ്പോർട്ട് ചെയ്യുന്നത്. ഏഴിടങ്ങളിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും ഗാസ മുനമ്പില്‍ ഇസ്രായേൽ രണ്ട് വ്യോമാക്രമണങ്ങള്‍ നടത്തിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പലസ്തീനെതിരെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുദ്ധപ്രഖ്യാപനം നടത്തിയതിനുപിന്നാലെ ഇസ്രയേൽ കുടിയേറ്റ മേഖലയിൽനിന്ന് 50 പേരെ ഹമാസ് ബന്ദികളാക്കിയതായി പ്രാദേശിക മാധ്യമമായ എൻ12 വാർത്ത പുറത്തുവിട്ടതായി ‘ഇൻഡിപെൻഡന്റ്’ റിപ്പോർട്ട് ചെയ്തു.

പശ്ചിമേഷ്യയിൽ അടുത്തകാലത്തെ ഏറ്റവും ശക്തമായ ആക്രമണമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഹമാസിന്റെ ആക്രമണത്തിൽ ഇതുവരെ 40 പേർ കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ വക്താവ് അറിയിച്ചു. എന്നാൽ, നൂറുപേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. രണ്ടായിരത്തിലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി ആളുകൾ ഗുരുതരാവസ്ഥയിലാണ്. ഈ മേഖലയിൽ സമീപകാലത്തെ ഏറ്റവും വലിയ സംഘർഷമാണ് ശനിയാഴ്ച രാവിലെ ആരംഭിച്ചത്. ഗാസക്ക് സമീപം ഏറ്റുമുട്ടൽ തുടരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ രണ്ട് വ്യോമാക്രമണത്തില്‍ 108 പേര്‍ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇവിടെ കൊല്ലപ്പെട്ടവരിൽ ഒരു നേഴ്സും ആംബുലൻസ് ഡ്രൈവറും ഉൾപ്പെടുന്നു. അറുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു.

ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ കത്തിയ വാഹനങ്ങളിലെ തീ കെടുത്താൻ ശ്രമിക്കുന്ന ഇസ്രയേൽ സുരക്ഷാ ഉദ്യോഗസ്ഥൻ.

ഗാസയിൽനിന്നു പലസ്തീൻ അനുകൂല ഹമാസ് സംഘടന നടത്തിയ അപ്രതീക്ഷിത റോക്കറ്റാക്രമണമാണ് സംഘർഷത്തിലേക്കും പിന്നീട് യുദ്ധസമാന അവസ്ഥയിലേക്കും നയിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് ഓപ്പറേഷൻ അൽ – അഖ്‌സ ഫ്ലഡ് എന്ന പേരിൽ ഇസ്രയേലിനെതിരെ സൈനിക നീക്കം ആരംഭിച്ചതെന്ന് ഹമാസിന്റെ സൈനിക വിഭാഗം നേതാവ് മുഹമ്മദ് ഡീഫ് പരസ്യ പ്രസ്താവനയിൽ അറിയിച്ചു. ടെൽ അവീവ് പ്രദേശം വരെ അപായ സൈറണുകൾ മുഴങ്ങിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. ഗാസയിൽനിന്നു വ്യാപകമായി നുഴഞ്ഞുകയറ്റവും നടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇസ്രയേൽ സൈനികരെ തടവിലാക്കിയതായി ഹമാസ് അവകാശപ്പെട്ടു. ഗാസ മുനമ്പിൽ നിന്ന് അയ്യായിരത്തിലധികം റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഹമാസിന്റെ സായുധസേന അവകാശപ്പെട്ടിരുന്നു. 60 ഹമാസ് പ്രവർത്തകർ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും 14 ഇടങ്ങളിൽ ആക്രമണം തുടരുകയാണെന്നും യുദ്ധം ആരംഭിച്ചെന്നും ഇസ്രായേലി സൈനിക റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.

ഹമാസിന്റെ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസിനെതിരെ യുദ്ധപ്രഖ്യാപനം നടത്തി. തുടർന്നാണ് ശക്തമായ പ്രത്യാക്രമണം നടത്തിയത്. ഐഡിഎഫ് ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗിച്ച് ഗാസയിലെ ഹമാസിന്റെ 17 സൈനിക താവളങ്ങളും നാല് ഓപ്പറേഷണല്‍ കമാന്‍ഡ് സെന്ററുകളും ആക്രമിച്ചതായി ഇസ്രയേലി വ്യോമസേന സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെയാണ് വ്യോമസേന പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗാസ മുനമ്പിലും സമീപ മേഖലകളിലും ഇസ്രയേൽ കടുത്ത ആക്രമണം നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഹമാസ് ഭീകരാക്രമണത്തിൽ ഇസ്രായേലിന് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഹമാസ് ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡി അപലപിച്ചു. ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യ ഇസ്രയേലിനോട് ഐക്യദാര്‍ഢ്യപ്പെടുന്നു എന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. ‘ഇസ്രയേലിലെ ഭീകരാക്രമണ വാര്‍ത്തകള്‍ ഞെട്ടലോടെയാണ് കേട്ടത്. ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും നിരപരാധികളായ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങള്‍ ഇസ്രായേലിനോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നു.’- ഐക്യദാര്‍ഢ്യം പറഞ്ഞു.

ഇന്ത്യക്ക് പുറമെ പുറമേ യൂറോപ്യൻ കമ്മിഷനും പ്രമുഖ രാജ്യങ്ങളും ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു. യുഎസ്എ, ഫ്രാൻസ്, ജർമനി, യുകെ, സ്പെയിൻ, ബെൽജിയം, ഗ്രീസ്, ഇറ്റലി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങൾ ആക്രണത്തിനെതിരെ രംഗത്തെത്തി. ഇരു രാജ്യങ്ങളും അക്രമത്തിൽനിന്ന് വിട്ടുനിൽക്കണമെന്ന് റഷ്യ, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ആവശ്യപ്പെട്ടു.

അതേസമയം, ഇസ്രയേലിനെതിരായ സൈനിക നീക്കത്തിൽനിന്ന് ഹമാസ് പിൻവാങ്ങമെന്ന് അഭ്യർഥിച്ച് സൗദി അറേബ്യ രംഗത്തെത്തി. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് സൗദിയെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ഇറാനും ഖത്തറും രംഗത്തുവന്നു. ഇസ്രയേലിനെതിരെ സധൈര്യം ആക്രമണം നടത്തുന്ന പലസ്തീൻ പോരാളികളെ അഭിനന്ദിക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചു. ഇറാന്റെ പരമോന്നത നേതാവ് അലി ഹുസൈനി ഖമെനെയിയുടെ ഉപദേശകനാണ് ഇക്കാര്യം അറിയിച്ചത്. പലസ്തീനെതിരായ സംഘർഷത്തിന്റെ ഏക ഉത്തരവാദി ഇസ്രയേൽ മാത്രമാണെന്ന് ഖത്തറും വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയും പുറത്തിറക്കി. ഇരു വിഭാഗങ്ങളും അക്രമങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് ഖത്തർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

എയര്‍ ഇന്ത്യ വിമാനസര്‍വീസുകള്‍ റദ്ദാക്കി

ഇസ്രയേല്‍ സൈന്യവും പലസ്തീനും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ എയര്‍ ഇന്ത്യ വിമാനസര്‍വീസുകള്‍ റദ്ദാക്കി. ഇന്ന് ഡൽഹിയിൽ നിന്ന് ടെല്‍അവീവിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ഡൽഹിയിൽ നിന്ന് ടെല്‍അവീവിലേക്കുള്ള AI139, ടെല്‍അവീവില്‍ നിന്ന് ഡൽഹിയിലേക്കുള്ള AI140 വിമാനങ്ങളാണ് റദ്ദാക്കിയത്. സുരക്ഷ സാഹചര്യം പരിഗണിച്ചാണ് തീരുമാനമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

English Summary: Over 40 Israelis, 198 Palestinians killed as war escalates.