പിൻസീറ്റിൽ ഉറക്കികിടത്തിയ എട്ടുമാസമുള്ള കുഞ്ഞിനെ മറന്ന് ഡോക്ടറായ അമ്മ; ഒടുവിൽ കണ്ടെത്തിയത് കാറിനുള്ളിൽ ജീവനറ്റ്

വൈകുന്നേരം 5.30യോടെ കുഞ്ഞിനെ ഡേ കെയർ നഴ്‌സറിയിൽ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് ഫോൺ ചെയ്തപ്പോഴാണ് ഈ അമ്മ കുഞ്ഞിന്റെ കാര്യം ഓർത്തതു തന്നെ

0
1023

ക്വലാലംപൂർ: പിൻസീറ്റിൽ ഉറക്കികിടത്തിയ കുഞ്ഞിനെ മറന്ന് കാർ ലോക്ക് ചെയ്ത് ജോലിക്ക് പോയി ഡോക്ടറായ അമ്മ. കുഞ്ഞി ഡേ കെയറിലുണ്ടെന്ന് ധരിച്ച് അന്വേഷിച്ചെത്തിയ അച്ഛൻ കുഞ്ഞിനെ കാണാതെ അന്വേഷിച്ചപ്പോൾ കണ്ടത് സ്വന്തം കുഞ്ഞിന്റെ മൃതദേഹം. എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനാണ് കാറിനുള്ളിൽ അകപ്പെട്ട് ദാരുണമരണം സംഭവിച്ചത്.

ഡോക്ടറായ അമ്മ രാവിലെ ജോലിക്ക് ഇറങ്ങുമ്പോൾ കുഞ്ഞിനേയും കൊണ്ടാണ് പോയത്. പിൻസീറ്റിൽ ബെൽറ്റിട്ട് ഉറപ്പിച്ച് കിടത്തിയ കുഞ്ഞ് കിടന്നുറങ്ങുകയും ചെയ്യുകയായിരുന്നു. കാൻസ്‌ലർ തവാൻകു മുഹ്‌രിസ് യു.കെ.എം ആശുപത്രിയിലെ ഡോക്ടറായ അമ്മ പതിവുപോലെ കാർ പാർക്ക് ചെയ്ത് ജോലിക്ക് പോവുകയും ചെയ്തു. തിരക്കിനിടയിൽ കുഞ്ഞ് പിൻസീറ്റിലുള്ളകാര്യം ഓർത്തതുപോലുമില്ല.

പിന്നീട് വൈകുന്നേരം 5.30യോടെ കുഞ്ഞിനെ ഡേ കെയർ നഴ്‌സറിയിൽ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് ഫോൺ ചെയ്തപ്പോഴാണ് ഈ അമ്മ കുഞ്ഞിന്റെ കാര്യം ഓർത്തതു തന്നെ.

കാറിനുള്ളിൽ മകളുണ്ടോ എന്ന് നോക്കാൻ ഭർത്താവ് ആവശ്യപ്പെട്ടപ്പോഴാണ് അമ്മ ഉടൻ തന്നെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിലെത്തി പരിശോധിച്ചത്. ആ സമയത്ത് പിൻസീറ്റിൽ അനക്കമില്ലാതെ കുഞ്ഞ് കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ ഡോക്ടർ കുഞ്ഞിന് സിപിആർ നൽകാൻ ശ്രമിച്ചെങ്കിലും കുഞ്ഞിന് അനക്കമൊന്നുമുണ്ടായില്ല.

പിന്നീട് കുഞ്ഞിനെ ആശുപത്രിയിലെ എമർജൻസി യൂനിറ്റിലേക്ക് കൊണ്ടുപോയി. ആറുമിനിറ്റോളം സിപിആർ നൽകിയെങ്കിലും കുഞ്ഞ് നേരത്തേ തന്നെ മരിച്ചതായി അറിയിക്കുകയായിരുന്നു. മരണകാരണം കണ്ടെത്താൻ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.