ഖത്തറിലെ പൊതുമേഖലാ ആശുപത്രികളിൽ പ്രഖ്യാപിച്ച ചികിത്സാ നിരക്കുകൾ ആദ്യഘട്ടത്തിൽ ബാധകമാകുക സന്ദർശകർക്ക് മാത്രം. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ഹമദ് മെഡിക്കൽ കോർപ്പറേഷനിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും നിരക്കുകൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം വിജ്ഞാപനം പുറത്തിറക്കിയിരുന്നു.
നീതിന്യായ മന്ത്രാലയത്തിന്റെ ഗസറ്റ് വിജ്ഞാപനത്തിന് പിന്നാലെയാണ് ആരോഗ്യ മന്ത്രാലയം വ്യക്ത വരുത്തിയത്. താമസക്കാർക്കോ സ്വദേശികൾക്കോ ഈ നിരക്കുകൾ ബാധകമായിരിക്കില്ല. ഹമദിലും പി.എച്ച്.സി.സിയിലും നിലവിലെ സംവിധാനങ്ങൾ തുടരുമെന്നും അറിയിച്ചു. താമസക്കാർക്കായി നടപ്പാക്കുന്ന നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പൂർണമായും പ്രാബല്ല്യത്തിൽ വന്ന ശേഷമായിരിക്കും പുതിയ നിരക്കുകൾ ബാധകമാവുന്നത്.
ചികിത്സയുടെയും സേവനങ്ങളുടെയും ചിലവ് മാനദണ്ഡമാക്കിയാണ് പി.എച്ച്.സി.സിയിലെയും ഹമദിലെയും നിരക്കുകൾ നിശ്ചയിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി മുതൽ തന്നെ സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയിരുന്നു. അടിയന്തര മെഡിക്കൽ സാഹചര്യം, അപകടം തുടങ്ങിയവയിൽ ചികിത്സാ പരിരക്ഷ ഉറപ്പുനൽകുന്നതാണ് സന്ദർശകർക്കുള്ള ആരോഗ്യ ഇൻഷുറൻസുകൾ. മറ്റ് അധിക ഇൻഷുറൻസ് പാക്കേജുകൾ വഴി സന്ദർശകർക്ക് കൂടുതൽ പരിരക്ഷ ലഭിക്കുന്നതിനും ഇതുവഴി കഴിയും.