സഭാ നേതൃത്വത്തെ വിമർശിച്ചു; വൈദികനെ കുറ്റവിചാരണ ചെയ്യാൻ മതകോടതി, വിചിത്ര നടപടിയുമായി താമരശേരി അതിരൂപത

സഭയിലെ ജീർണത, അഴിമതി എന്നിവ തുറന്നു കാണിച്ചതിനാണ് കേട്ടുകേൾവിയില്ലാത്ത നടപടിയെന്ന് ഫാ. അജി പുതിയാപറമ്പിൽ.

0
159

കോഴിക്കോട്: സഭ നേതൃത്വത്തെ വിമർശിച്ച വൈദികനെ കുറ്റവിചാരണ ചെയ്യാൻ മതകോടതി രൂപീകരിച്ച് താമരശേരി അതിരൂപത മെത്രാൻ. ശുശ്രൂഷ ദൗത്യം ഉപേക്ഷിച്ച താമരശേരി രൂപതയിലെ ഫാ. അജി പുതിയാപറമ്പിലിനെ കുറ്റവിചാരണ ചെയ്യാനാണ് രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചിനാനിയക്കലിന്റെ അസാധാരണ നടപടി. മത കോടതി രൂപീകരിച്ച് ബിഷപ്പ് റെമിജിയോസ് ഇഞ്ചിനാനിയൽ സർക്കുലർ ഇറക്കി. ദീപിക ദിനപത്രത്തിന്റെ മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ടാണ് കുറ്റവിചാരണക്കോടതിയുടെ അധ്യക്ഷൻ. ഫാ. ജയിംസ് കല്ലിങ്കൽ, ഫാ. ആൻറണി വരകിൽ എന്നിവരാണ് സഹജഡ്ജിമാർ.

ബിഷപ്പിനെതിരെ കലാപത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചു, സിറോ മലബാർ സഭ സിനഡ് തീരുമാനത്തെ ചോദ്യം ചെയ്തു എന്ന കുറ്റം ചുമത്തിയാണ് വിചിത്ര നടപടി. നൂറാംതോട് ഇടവകയിൽ ചുമതല ഏറ്റെടുത്തില്ല എന്ന കുറ്റവും അജി പുതിയാപറമ്പിലിനെതിരെ ചുമത്തിയിട്ടുണ്ട്. സസ്പെൻഷൻ ഉത്തരവിൽ പറഞ്ഞിരുന്ന ഒളിവിൽപോയി എന്ന കുറ്റം പുതിയ കുറ്റപത്രത്തിൽ ഒഴിവാക്കി. സിറോ മലബാർ സഭാനേതൃത്വത്തെ രൂക്ഷമായി വിമർശിച്ചശേഷം ശുശ്രൂഷാദൗത്യമുപേക്ഷിച്ച ഫാ. അജി പുതിയാപറമ്പിലിനെ അച്ചടക്കലംഘനത്തിന്റെ പേരിൽ താമരശേരി രൂപത നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

മതകോടതി രൂപീകരിച്ച് സർക്കുലർ ഇറക്കിയതിനുപിന്നാലെ സംഭവത്തിൽ പ്രതികരിച്ച് ഫാ. അജി പുതിയാപറമ്പിൽ രംഗത്തുവന്നു. ക്രൈസ്തവ സഭകളിൽ കേട്ടുകേൾവിയില്ലാത്തതാണ് മതകോടതി എന്നും സഭയിലെ അഴിമതി, ജീർണത എന്നിവ തുറന്നു കാണിച്ചതിനാണ് നടപടി എന്നും വൈദികൻ പറഞ്ഞു. സഭയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളെയും വിവിധ നിയമനങ്ങളിലെ കോഴയെയും എതിർത്തിട്ടുണ്ട്. കുറ്റ വിചാരണ കോടതി സ്ഥാപിച്ചത് തന്നെ പുറത്താക്കാനാണെന്നും ഫാ. അജി പുതിയാപറമ്പിൽ പറഞ്ഞു.

English Summary: Religious court to prosecute priest, Tamarassery archdiocese with strange action.