ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി; ലോകകപ്പില്‍ ആദ്യ മത്സരം നഷ്ടമാകും

അടുത്ത മൂന്ന് മത്സരങ്ങളിൽ ഗില്ലിന് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ.

0
243

ചെന്നൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ലോകകപ്പ് മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തിരിച്ചടി. മികച്ച ഫോമിലുള്ള ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ, ഗില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയില്‍ നിന്ന് എത്തിയതുമുതല്‍ ഗില്‍ കടുത്ത പനി ബാധിച്ച് വിശ്രമത്തിലായിരുന്നു. വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ കഴിയുന്ന ഗില്ലിന്റെ നില തൃപ്തികരമാണെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു.

ശുഭ്മാന്‍ ഗില്ലിന് പകരം ഓപ്പണര്‍ സ്ഥാനത്തേക്ക് ഇഷാന്‍ കിഷന്‍ എത്തിയേക്കുമെന്നാണ് സൂചന. ഓപ്പണറായി ഇറങ്ങി മികച്ച ഫോമിൽ തുടരുന്ന ഗില്ലിന്റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാവുമെന്നുറപ്പാണ്. ആദ്യമത്സരം കരുത്തരായ ഓസ്‌ട്രേലിയക്കെതിരെയാണ്. മികച്ച തുടക്കം ഉണ്ടായില്ലെങ്കിൽ കളിയിൽ താളം കണ്ടെത്താൻ ഇന്ത്യ ഏറെ വിഷമിക്കേണ്ടിവരും. ഈ സാഹചര്യത്തിൽ ശുഭ്മാൻ ഗിൽ ഉണ്ടാകില്ലായെന്നത് തിരിച്ചടി തന്നെയാകും. അടുത്തിടെ സ്ഥിരതയാർന്ന ബാറ്റിംഗ് തുടരുന്ന താരമാണ് ഗിൽ.

ഡെങ്കിപ്പനിയായതിനാൽ പൂര്‍ണ ആരോഗ്യം കൈവരിക്കാന്‍ ചുരുങ്ങിയത് പത്ത് ദിവസമെങ്കിലും എടുക്കും. അതിനാൽ അടുത്ത മൂന്ന് മത്സരങ്ങളിൽ ഗില്ലിന് വിശ്രമം അനുവദിച്ചേക്കുമെന്നാണ് ടീം മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. ഗില്ലിന്റെ പുരോഗതി നിരീക്ഷിച്ചുവരികയാണെന്നും വെള്ളിയാഴ്ച കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം താരത്തിന് കളിക്കാനാകുമോയെന്ന് തീരുമാനിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

English Summary: Shubman Gill down with fever, likely to miss Australia clash.