‘പക വീട്ടാനുള്ളതാണ്’; ലോകകപ്പിൽ ചാമ്പ്യന്മ‍ാരെ തകർത്ത് ന്യൂസിലൻഡ് തുടങ്ങി

വെള്ളിയാഴ്ചത്തെ രണ്ടാം മത്സരത്തിൽ പാകിസ്ഥാൻ നെതര്‍ലന്‍ഡ്‌സിനെ നേരിടും.

0
231

അഹമ്മദാബാദ്: 2019ൽ ലോർഡ്‌സിലെ കലാശക്കളിയിൽ തങ്ങളെ തോൽപ്പിച്ചതിന്റെ കണക്ക് തീർത്ത് ന്യൂസിലൻഡ്. ഏകദിന ലോകക്കപ്പ് ക്രിക്കറ്റിന്റെ ഉദ്‌ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനുമേൽ ഒമ്പത് വിക്കറ്റിന്റെ ആധികാരിക ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 13.4 ഓവര്‍ ബാക്കി നില്‍ക്കെയാണ് വിജയത്തിലേക്ക് കുതിച്ചത്. ഡെവോണ്‍ കോണ്‍വെ (പുറത്താകാതെ 152) രച്ചിന്‍ രവീന്ദ്ര (പുറത്താകാതെ 122) എന്നിവരുടെ വെടിക്കെട്ടാണ് ന്യൂസിലന്‍ഡിന് മികച്ച ജയം സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 282 റൺസെടുത്തു. ജോ റൂട്ട് (77), നായകന്‍ ജോസ് ബട്ട്ലര്‍ (43) എന്നിവർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ ആകെ ചെറുത്തുനിന്നത്. കിവികൾക്കായി മാറ്റ്‌ ഹെൻറി മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തി. മിച്ചെൽ സാന്റ്‌നെറും ഗ്ലെൻ ഫിലിപ്‌സും രണ്ട്‌ വീതം വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിനെ ഇംഗ്ലണ്ട് ഞെട്ടിച്ചു. സ്കോർബോർഡിൽ വെറും 10 റൺസ് തികയവെ ഓപ്പണർ വിൽ യങ് സംപൂജ്യനായി പുറത്ത്. ക്രീസിലുള്ള ഡെവോൺ കോൺവേക്കൊപ്പം രച്ചിന്‍ രവീന്ദ്ര കൂടി ചേർന്നതോടെ കളിയുടെ ഗതി മാറി. 36.2 ഓവറിൽ എത്തിയപ്പോൾ ഇംഗ്ലീഷ് പട തീർത്ത 283 റണ്‍സ് എന്ന വിജയലക്ഷ്യം കിവികൾ മറികടന്നു. ഇംഗ്ലീഷ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഇരുവരും ട്വന്റി 20 ശൈലി പുറത്തെടുത്തു. ഇതോടെ റൺമഴയായി. 121 പന്തിൽ ഡെവോൺ കോൺവേ 152 റൺസെടുത്തു. 19 ഫോറും മൂന്ന് സിക്സും കോൺവേയുടെ ബാറ്റിൽനിന്നും പറന്നു. 96 പന്ത് നേരിട്ട രച്ചിൻ രവീന്ദ്ര 11 ഫോറും അഞ്ച് സിക്സറുമടക്കം 123 റൺസും നേടി.

വെള്ളിയാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ പാകിസ്ഥാൻ നെതര്‍ലന്‍ഡ്‌സിനെ നേരിടും. ഹൈദരാബാദിൽ ഉച്ചയ്ക്ക് രണ്ടിന് മത്സരം തുടങ്ങും. ലോകകപ്പില്‍ തോറ്റ് തുടങ്ങുന്ന പതിവ് തിരുത്തി കുറിക്കാനാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. അട്ടിമറി വിജയം സ്വപ്നം കണ്ട് നെതര്‍ലന്‍ഡ്‌സ് എത്തുന്നത്.

English Summary: Conway and Ravindra slam centuries as Kiwis.