സമാധാന നൊബേൽ നർഗീസ് മൊഹമ്മദിക്ക്; പുരസ്‌ക്കാര വാർത്ത അറിയുന്നത് ഇറാൻ ജയിലിൽ

ഇറാനിലെ മനുഷ്യാവകാശ വിരുദ്ധ നടപടികൾക്കെതിരെ പോരാടിയതിന് ജയിൽശിക്ഷ അനുഭവിക്കുകയാണ് നർഗീസ് മൊഹമ്മദി.

0
237

ഓസ്‍ലോ: സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം ഇറാൻ തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മൊഹമ്മദിക്ക്. സ്ത്രീകളുടെ അവകാശങ്ങൾക്കായി നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരം. ഇറാൻ ഭരണകൂടത്തിന്റെ മനുഷ്യാവകാശ വിരുദ്ധ നടപടികൾക്കെതിരായ പോരാട്ടങ്ങളുടെ പേരിൽ ജയിൽശിക്ഷ അനുഭവിക്കുന്ന നർഗീസ് മൊഹമ്മദി ജയിലിൽ വച്ചാണ് പുരസ്കാര വാർത്ത അറിഞ്ഞത്. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം ലഭിക്കുമ്പോഴും അവർ ജയിലിലാണ്.

ഇറാനിലെ സ്ത്രീപീഡനത്തിനെതിരെയും എല്ലാവരുടെയും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും നർഗീസ് മൊഹമ്മദി നടത്തിയ പോരാട്ടത്തിനാണ് ഈ പുരസ്കാരമെന്ന് നൊബേൽ പുരസ്കാര കമ്മിറ്റി അറിയിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനും ശരീരം പൂർണമായും മറച്ച് സ്ത്രീകൾ പൊതുവിടങ്ങളിൽനിന്ന് മാറിനിൽക്കണമെന്ന് നിഷ്കർഷിക്കുന്ന നിയമങ്ങൾക്കും എതിരെയാണ് നർഗീസ് മൊഹമ്മദിയുടെ പോരാട്ടം. മനുഷ്യാവകാശ സംരക്ഷണത്തിനുവേണ്ടിയുള്ള നിരന്തര പോരാട്ടത്തിൽ നർഗീസിന്‌ വ്യക്തിപരമായ വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് പുരസ്‌ക്കാരസമിതി ചൂണ്ടിക്കാട്ടി.

മാധ്യമ പ്രവർത്തകയും ആക്ടിവിസ്റ്റുമായ നർഗീസ് മൊഹമ്മദി മനുഷ്യാവകാശങ്ങൾക്കായി ഇറാൻ ഭരണകൂടത്തിനെതിരെ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി 13 തവണ അറസ്റ്റിലായി. വിവിധ കുറ്റങ്ങൾ ചുമത്തി കൃത്യമായ വിചാരണ പോലും കൂടാതെ 31 വർഷത്തെ ജയിൽശിക്ഷയാണ് ഇവർക്ക് വിധിച്ചിരിക്കുന്നത്. 2016 മേയിൽ വധശിക്ഷ നിർത്തലാക്കുന്നതിന് വേണ്ടി പ്രചാരണം നടത്തുന്ന മനുഷ്യാവകാശ പ്രസ്ഥാനം സ്ഥാപിച്ചതിന് ഇറാൻ നർഗീസ് മൊഹമ്മദിയെ 16 വർഷം തടവിന് ശിക്ഷിച്ചു. ടെഹ്റാനിലെ ജയിലിലാണ് 51 കാരിയായ നർഗീസ് മൊഹമ്മദി ഇപ്പോഴുള്ളത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചാണ് ഇവരെ ഇറാൻ ഭരണകൂടം ശിക്ഷിച്ചിരിക്കുന്നത്. മനുഷ്യാവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുകയും ശബ്ദിക്കുകയും ചെയ്തതിന് രണ്ടര ദശകത്തിലേറെയായി ഇറാൻ ഭരണകൂടം ഇവരെ വേട്ടയാടുകയാണ്.

നൊബേൽ സമ്മാനം ലഭിക്കുന്ന 19ാമത് വനിതയാണ് നർഗീസ് മൊഹമ്മദി. 2022ൽ ബിബിസിയുടെ 100 സ്‍ത്രീകളുടെ പട്ടികയിൽ നർഗീസ് മൊഹമ്മദി ഇടം നേടിയിരുന്നു. ഈ വർഷത്തെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ പുരസ്കാരം നർഗീസ് മൊഹമ്മദി അടക്കം മൂന്നുപേർക്കായിരുന്നു. നിലോഫർ ഹമദി, ഇലാഹി മുഹമ്മദി എന്നിവർക്കൊപ്പമാണ്‌ നർഗീസ് മൊഹമ്മദി പുരസ്കാരം നേടിയത്. മൂവരും ഇപ്പോൾ ഇറാൻ ജയിലിൽ തടവിലാക്കപ്പെട്ടിരിക്കുകയാണ്.

English Summary: Nobel Peace Prize 2023 awarded to jailed Iranian activist Narges Mohammadi for her ‘fight to promote human rights’.