മിമിക്രിയിലൂടെ അപമാനിച്ചെന്ന് സന്തോഷ് പണ്ഡിറ്റിന്റെ പരാതി; സുരാജ് വെഞ്ഞാറമൂടിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവില്‍ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി.

0
36867

കൊച്ചി: മിമിക്രിയിലൂടെ അപമാനിച്ചെന്ന് കാട്ടി നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ സന്തോഷ് പണ്ഡിറ്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും വ്യക്തിപരമായ അധിക്ഷേപമല്ലെന്നും വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവില്‍ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

അനുകരണകല വ്യക്തിത്വത്തെ അപമാനിക്കുന്നതല്ല. സുരാജ് വെഞ്ഞാറമൂട് സ്വന്തം പേര് പറഞ്ഞാണ് പരിപാടി അവതരിപ്പിച്ചത്. അതിനാല്‍ ആള്‍മാറാട്ടമാണെന്ന ആരോപണം നിലനില്‍ക്കുന്നതല്ലെന്നും ഉത്തരവില്‍ പറയുന്നു. വിനോദ ചാനല്‍ സംപ്രേഷണം ചെയ്ത മിമിക്രി മഹാമേള എന്ന പരിപാടിയിലൂടെ വ്യക്തി അധിക്ഷേപം നടത്തിയെന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പരാതി. സ്വകാര്യ അന്യായത്തില്‍ കേസെടുക്കാനാവില്ലെന്നായിരുന്നു ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഇത് ചോദ്യം ചെയ്താണ് സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതിയെ സമീപിച്ചത്.

സുരാജ് വിധികർത്താവായ ഒരു ചാനൽ പരിപാടിയിൽ തന്നെ അവഹേളിക്കുന്ന തരത്തിൽ സംസാരിച്ചെന്നും ഇതിനെതിരെയാണ് നടനും ചാനൽ അധികൃതർക്കുമെതിരെ നിയമനടപടി സ്വീകരിച്ചതെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞിരുന്നു.

English Summary: High Court dismissed the petition against Actor Suraj Venjaramoodu.