മുനമ്പത്ത് ഫൈബർ ബോട്ട് മറിഞ്ഞു; നാല് പേരെ കടലിൽ കാണാതായി, തെരച്ചിൽ തുടരുന്നു

മാലിപ്പുറത്ത് നിന്ന് മീൻ പിടിക്കാൻ പോയ സമൃദ്ധി എന്ന ചെറുബോട്ടാണ് മുങ്ങിയത്.

0
143

കൊച്ചി: മുനമ്പത്ത് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു. കോസ്റ്റ്ഗാർഡിന്റെയും മറൈൻ എൻഫോഴ്സ്മെൻറിന്റെയും കോസ്റ്റൽ പൊലീസിന്റെയും നേതൃത്വത്തിലാണ് തെരച്ചിൽ. വ്യാഴാഴ്ച രാത്രിയാണ് ഏഴുപേരെ കടലിൽ കാണാതായത്. ഇതിൽ മൂന്ന് പേരെ കണ്ടെത്തിയെങ്കിലും മറ്റുള്ള നാലുപേർക്കായി തെരച്ചിൽ തുടരുകയാണ്.

മാലിപ്പുറത്ത് നിന്ന് ഇൻബോർ‍ഡ് വള്ളത്തിൽ മീൻ പിടിക്കാൻ പോയ സമൃദ്ധി എന്ന ചെറുബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന ഏഴുപേരിൽ ഷാജി, ശരത്, മോഹനൻ, രാജു എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ആനന്ദൻ, മണികണ്ഠൻ, ബൈജു എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഫോർട്ട്‌കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കടലിൽ നാല് മണിക്കൂർ കുടിവെള്ള കാനിൽ തൂങ്ങി കിടന്നാണ് ജീവൻ രക്ഷിച്ചതെന്നു മുനമ്പം ബോട്ട് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു. വൈകിട്ട് 4.30 ഓടെ ആണ് ഫൈബർ വള്ളം മുങ്ങിയത്. വള്ളം മുങ്ങിയപ്പോൾ എല്ലാവരും ചിതറിപൊയെന്നും തൊഴിലാളികൾ പറഞ്ഞു. തെരച്ചിലിനായി മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്.

English Summary: Search continues for missing fishermen in Munambam.