ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് വധഭീഷണി. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് വധഭീഷണി സന്ദേശം എത്തിയതെന്ന് കേന്ദ്ര സുരക്ഷാ ഏജൻസികൾ വ്യക്തമാക്കിയതായി ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. വ്യാഴാഴ്ച രാവിലെയാണ് കേന്ദ്ര ഏജൻസികൾക്ക് ഇ-മെയിൽ വഴി ഭീഷണി സന്ദേശം എത്തിയത്.
ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയെ വിട്ടയക്കണമെന്നാണ് പ്രധാന ആവശ്യം. പ്രധാനമന്ത്രിയെ വധിക്കുന്നതിനുപുറമെ അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയം ബോംബിട്ട് തകർക്കുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതിനൊപ്പം തകർക്കുമെന്ന് സന്ദേശത്തിൽ ഭീഷണി. 500 കോടി നൽകണമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. എത്ര മുൻകരുതൽ സ്വീകരിച്ചാലും ഞങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നും സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇ-മെയിലിൽ പറയുന്നതുപോലെ ചെയ്യാനും പറയുന്നു.
ഭീഷണി സന്ദേശം വന്നതിനുപിന്നാലെ എൻഐഎയും മുംബൈ പൊലീസും ജാഗ്രത നിർദേശങ്ങൾ സ്വീകരിച്ചു. ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. കേന്ദ്ര സുരക്ഷാ ഏജൻസികളും ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. സന്ദേശം വന്നതിനുപിന്നാലെ ദേശീയ അന്വേഷണ ഏജൻസി മുംബൈ, ഗുജറാത്ത് പൊലീസ് മേധാവികൾക്ക് വിവരം കൈമാറി. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാനും നിർദ്ദേശം നൽകി.
വാങ്കഡെ സ്റ്റേഡിയത്തിൽ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനിരിക്കെ സുരക്ഷ ശക്തമാക്കിയതായി മുംബൈ പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയിൽ നടക്കുന്ന പശ്ചാത്തലത്തിൽ എല്ലാ സ്റ്റേഡിയങ്ങളിലും സുരക്ഷാക്രമീകരണം ഇരട്ടിയാക്കും. 2014 മുതൽ ലോറൻസ് ബിഷ്ണോയി ജയിലിൽ കഴിഞ്ഞുവരികയാണ്. ഇയാളുടെ മോചനമാവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്.
English Summary: Threat to kill PM, Security agencies on alert as email demands Rs 500 cr, release of Lawrence Bishnoi.