ഉത്തർപ്രദേശിൽ ട്രെയിൻ യാത്രയ്ക്കിടെ വൃദ്ധദമ്പതികളുടെ ദേഹത്ത് മൂത്രമൊഴിച്ചു; യുവാവ് അറസ്റ്റിൽ

സമ്പർക്ക് ക്രാന്തി എക്‌സ്പ്രസിന്റെ ബി 3 കോച്ചിനുള്ളിലാണ് സംഭവം.

0
3906

ലഖ്‌നൗ: ട്രെയിൻ യാത്രയ്ക്കിടെ വൃദ്ധ ദമ്പതികളുടെ ദേഹത്ത് സഹയാത്രികൻ മൂത്രമൊഴിച്ചതായി പരാതി. ഉത്തർപ്രദേശിൽ നിന്നുള്ള സമ്പർക്ക് ക്രാന്തി എക്‌സ്പ്രസിന്റെ എസി കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്നും വിരമിച്ച ശാസ്ത്രജ്ഞനും ഭാര്യക്കുമാണ് ദുരനുഭവം ഉണ്ടായത്. മധ്യപ്രദേശിലെ ഹർപാൽപുരിൽ നിന്നും നിസാമുദ്ദീനിലേക്ക് പോകുകയായിരുന്നു ഇരുവരും. മദ്യലഹരിയിലായിരുന്ന 20 കാരൻ ദമ്പതികൾക്ക് മേൽ മൂത്രമൊഴിച്ചെന്നാണ് ആരോപണം. സംഭവത്തിൽ ഡൽഹിയിലെ കുത്തബ് വിഹാർ സ്വദേശി റിതേഷിനെ അറസ്റ്റ് ചെയ്തു.

സമ്പർക്ക് ക്രാന്തി എക്‌സ്പ്രസിന്റെ ബി 3 കോച്ചിനുള്ളിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു വൃദ്ധ ദമ്പതികൾ. ലോവർ ബർത്തുകളിൽ കിടക്കുകയായിരുന്ന ഇവർക്ക് മേൽ മദ്യലഹരിയിലായിരുന്ന യുവാവ് മൂത്രമൊഴിക്കുകയായിരുന്നു. മഹോബയിൽ നിന്നാണ് റിതേഷ് ട്രെയിനിൽ കയറിയത്. അമിതമായി മദ്യപിച്ച നിലയിലായിരുന്നു യുവാവ്. മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌തെപ്പോൾ മറ്റുള്ള യാത്രക്കാരുടെ ബാഗുകളിലും മൂത്രം ഒഴിക്കാൻ ശ്രമിച്ചു. ഇതോടെയാണ് മറ്റു യാത്രക്കാർ ചേർന്ന് റിതേഷിനെ പിടികൂടി ട്രെയിൻ ജീവനക്കാരെ ഏൽപ്പിച്ചത്. തുടർന്ന് സഹയാത്രികരാണ് വിവരം കോച്ച് അറ്റൻഡന്റിനെയും ടിടിഇയെയും അറിയിച്ചത്.

തെക്ക് പടിഞ്ഞാറൻ ഡൽഹിയിലെ കുത്തബ് വിഹാർ സ്വദേശിയായ റിതേഷ് എന്നയാളാണ് ദമ്പതികൾക്ക് മേൽ മൂത്രമൊഴിച്ചത്. ഇയാളെ ഝാൻസി റെയിൽവേ സ്‌റ്റേഷനിൽ വെച്ച് ആർപിഎഫിന് കൈമാറി. റിതേഷിനെതിരെ റെയിൽവേ ആക്ട് 145 പ്രകാരം കേസെടുത്തു.

English Summary: Drunk passenger urinates on senior citizens onboard train in UP.