ന്യൂസ് ക്ലിക്ക്; കേരളത്തിലും ഡൽഹി പൊലീസിന്റെ റെയ്ഡ്, പരിശോധന പത്തനംതിട്ടയിലെ മാധ്യമപ്രവർത്തകയുടെ വീട്ടിൽ

മാധ്യമപ്രവർത്തകയുടെ മൊബൈലും ലാപ്ടോപ്പും പിടിച്ചെടുത്തു.

0
186

തിരുവനന്തപുരം/ന്യൂഡൽഹി: ന്യൂസ് ക്ലിക്ക് കേസിന്റെ പേരിൽ കേരളത്തിലും ഡൽഹി പൊലീസിന്റെ റെയ്ഡ്. മലയാളി മാധ്യമ പ്രവർത്തകയും ന്യൂസ് ക്ലിക്കിൽ വീഡിയോ ജേർണലിസ്റ്റുമായിരുന്ന അനുഷ പോളിന്റെ പത്തനംതിട്ട കൊടുമണ്ണിലെ ഐയ്ക്കാട് വീട്ടിലാണ് ഡൽഹി പൊലീസ് റെയ്ഡ് നടത്തിയത്. പത്തനംതിട്ട എസ്പിയെ അറിയിച്ചാണ് ഡൽഹി പൊലീസ് റെയ്ഡിനായി കേരളത്തിലെത്തിയത്. ഒരു മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്ത പൊലീസ് അനുഷയുടെ മൊഴി രേഖപ്പെടുത്തി. കേസ് രജിസ്റ്റര്‍ ചെയ്തതതായി അറിയിച്ചു. എന്നാല്‍ എന്തിനാണ് കേസെടുത്തതെന്ന് പൊലീസ് സംഘം വ്യക്തമാക്കിയില്ല. പന്ത്രണ്ടോളം കുറ്റാരോപണം ഇവര്‍ക്കെതിരെ പൊലീസ് ചുമത്തി. പൊലീസ് തയ്യാറാക്കിയ സ്‌റ്റേറ്റ്‌മെന്റില്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിക്കുകയും ചെയ്തു.

ഒന്നര മണിക്കൂറിലേറെ നേരം റെയ്ഡ് നീണ്ടുനിന്നു. അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് കേരളത്തിലെത്തിയത്. അനുഷ പോളും കുടുംബവും ഡൽഹിയിൽ സ്ഥിരതാമസക്കാരാണ്. അനുഷയുടെ മാതാവിന്റെ കുടുംബവീടാണ് പത്തനംതിട്ട കൊടുമണിലുള്ളത്. അനുഷയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് മൊബൈലും ലാപ്ടോപ്പും പിടിച്ചെടുത്തത്. നടപടിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് സംസ്ഥാന പൊലീസിനോട് വ്യക്തമാക്കിയിട്ടില്ല.

പൊലീസ് ആവശ്യപ്പെടുമ്പോള്‍ ഡല്‍ഹിയില്‍ എത്തണമെന്നും പറഞ്ഞു. വെള്ളി പകല്‍ മൂന്ന് മുതല്‍ വൈകിട്ട് നാലര വരെയാണ് പൊലീസ് സംഘം റെയ്ഡ് നടത്തിയത്. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് പൊലീസ് ചോദിച്ചതായി അനുഷ പറഞ്ഞു. 2018 മുതല്‍ 2021 വരെയാണ് അനുഷ ന്യൂസ് ക്ലിക്കില്‍ ജോലി ചെയ്തത്. പിന്നീട് സ്വതന്ത്ര പത്രപ്രവര്‍ത്തനമാണ് നടത്തുന്നത്. ജനിച്ചതും പഠിച്ചതുമെല്ലാം ഡല്‍ഹിലായിരുന്ന അനുഷ അര്‍ബുദ ബാധിതയായ അമ്മയുടെ ചികിത്സാര്‍ഥമാണ് ഒരു മാസം മുമ്പ് നാട്ടിലെത്തിയത്.

ന്യൂസ് ക്ലിക്കിന് വിദേശ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടോയെന്നും എത്ര കാലമായി ന്യൂസ് ക്ലിക്കില്‍ ജോലി ചെയ്‌തെന്നും അന്വേഷിച്ചു. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് ഇതിനകം പത്രങ്ങളില്‍ വന്ന വാര്‍ത്തകളെ അടിസ്ഥാനമാക്കിയുള്ള കുറ്റങ്ങളാണ് അനുഷയുടെ പേരിലും ചുമത്തിയിട്ടുള്ളത്. ചാര്‍ജ് ഷീറ്റിന്റെ പകര്‍പ്പോ, വീട്ടില്‍ നിന്ന് കൊണ്ടുപോയ ലാപ്‌ടോപ്പിനോ ഫോണിനോ രസീതും നല്‍കിയില്ലെന്ന് അനുഷ പറഞ്ഞു.

ന്യൂസ്‌ക്ലിക്കിനെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് ഡൽഹി പൊലീസ് പരക്കെ റെയ്ഡ് നടത്തുന്നത്. മുൻ ജീവനക്കാരുടെ വീടുകളിലും പരിശോധനക്കായി പൊലീസ് എത്തുന്നുണ്ട്. രണ്ടുദിവസം മുമ്പാണ് ഡൽഹി പൊലീസ് ന്യൂസ്‌ക്ലിക്കിന്റെ ഡൽഹി ഓഫീസിൽ പരക്കെ റെയ്ഡ് നടത്തിയത്. തുടർന്ന് യുഎപിഎ ചുമത്തി ന്യൂസ്‌ ക്ലിക്ക്‌ എഡിറ്റർ പ്രബീർ പുർകായസ്‌തയ, എച്ച്‌ആർ മാനേജർ അമിത്‌ ചക്രവർത്തി എന്നിവരെ അറസ്റ്റ്ക്കും ചെയ്തു. ഇതിനുപുറമെ മുതിർന്ന മാധ്യമപ്രവർത്തകൻ പരഞ്‌ജോയ്‌ ഗുഹ താക്കൂർത്ത, അഭിസാർ ശർമ എന്നിവരും അറസ്റ്റ്‌ ചെയ്യപ്പെട്ടേക്കുമെന്നും അഭ്യൂഹമുണ്ട്. ഇരുവരും ചോദ്യംചെയ്യലിന്‌ ഹാജരാകാൻ ഡൽഹി പൊലീസ്‌ വീണ്ടും സമൻസ്‌ നൽകി.

English Summary: Delhi Police raid Pathanamthitta house of an ex employee of News Click.