ദുർമന്ത്രവാദ പരാതി അന്വേഷിക്കാനെത്തിയ വനിത സിഐയെ ആക്രമിച്ചു; അമ്മയും മകളുമടക്കം മൂന്നുപേർക്ക് 13 വര്‍ഷം തടവും പിഴയും

പിഴത്തുകയിൽ ഒരുലക്ഷം മീനകുമാരിക്ക് നൽകണമെന്നും കോടതി.

0
219
വനിത സിഐയെ ആക്രമിച്ച കേസിൽ കോടതി ശിക്ഷിച്ച ആതിര, ശോഭന, രോഹിണി എന്നിവർ.

മാവേലിക്കര: വീട്ടിൽ ദുർമന്ത്രവാദം നടത്തുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ വനിത സിഐയെ ക്രൂരമായി ആക്രമിച്ച കേസിൽ പ്രതികളായ അമ്മയും മകളുമടക്കം മൂന്നുപേർക്ക് 13 വര്‍ഷം തടവും 50,000 രൂപ വീതം പിഴ ശിക്ഷയും വിധിച്ച് കോടതി. ഉളവുക്കാട് വൻമേലിത്തറയിൽ ആതിര (ചിന്നു- 23) അമ്മ ശോഭന (50), ഇവരുടെ സഹോദരി രോഹിണി (48) എന്നിവരെയാണ് മാവേലിക്കര അഡീഷണൽ ജില്ലാ കോടതി- 3 ജഡ്‌ജി എസ് എസ് സീന ശിക്ഷിച്ചത്. ആലപ്പുഴ വനിത സെല്ലിൽ സിഐയായിരുന്ന മലപ്പുറം തിരൂരങ്ങാടി ചേലാമ്പ്ര പുല്ലിപ്പറമ്പ് സ്വപ്‌ന വീട്ടിൽ മീനകുമാരിയെ(59)യാണ്‌ ആക്രമിച്ചത്‌. വിവിധ വകുപ്പുകളിലെ ശിക്ഷ ഏഴുവർഷം ഒന്നിച്ചനുഭവിച്ചാൽ മതി. പിഴത്തുകയിൽ ഒരുലക്ഷം മീനകുമാരിക്ക് നൽകണം. 50,000 രൂപ സർക്കാരിൽ കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രതികളെ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി.

2016 ഏപ്രിൽ 23ന് വൈകിട്ട് അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം. പാലമേൽ പഞ്ചായത്തിലെ ഉളവുക്കാട് വൻമേലിൽ കോളനിനിവാസികളായ 51 പേർ കലക്‌ടർക്ക് നൽകിയ പരാതി അന്വേഷിക്കാനാണ്‌ മീനകുമാരിയും വനിതാ സിവിൽ പൊലീസ് ഓഫീസർ ലേഖയും ഡ്രൈവർ ഉല്ലാസും എത്തിയത്. ആതിരയുടെ വീട്ടിലെത്തിയ മീനകുമാരി പരാതി വായിച്ചുകേൾപ്പിച്ചു. മന്ത്രവാദവും മറ്റും നിർത്തി വിദ്യാഭ്യാസം തുടരണമെന്ന് ആതിരയെ ഉപദേശിച്ചു. ഏപ്രിൽ 26ന് വനിതാ സെല്ലിൽ ഹാജരാകണമെന്നും പറഞ്ഞു.

ഇതിനിടെ പ്രകോപിതയായ ആതിര പൊലീസുകാരെ കടന്നാക്രമിച്ചു. പിന്നാലെ ശോഭനയും രോഹിണിയും ചേർന്ന് കമ്പിവടികൊണ്ട് വനിതാ ഇൻസ്പെക്ടറേയും തടയാൻ ചെന്ന കൂടെയുണ്ടായിരുന്ന വനിതാ സിവിൽ പൊലീസ് ഓഫീസർ ലേഖയേയും ആക്രമിക്കുകയായിരുന്നു. അടിയേറ്റ് ഇൻസ്പെക്ടറുടെ വലതു കൈവിരൽ ഒടിഞ്ഞു. ഗുരുതര പരിക്കേറ്റ മീനകുമാരിയെ ലേഖയും ഉല്ലാസും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. മീനകുമാരിയെ ഉടൻ നൂറനാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിറ്റേന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലും എറണാകുളം മെഡിക്കൽ ട്രസ്‌റ്റ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അടിയന്തര ശസ്‌ത്രക്രിയക്കുശേഷം 89 ദിവസം ചികിത്സയിൽ കഴിയേണ്ടിവന്നു മീനകുമാരിക്ക്.

നൂറനാട് പൊലീസിൽ പരാതി നൽകിയെങ്കിലും ആതിരയെ മാത്രം പ്രതിചേർത്താണ് പൊലീസ് കുറ്റപത്രം നൽകിയത്. തുടർന്ന് മീനാകുമാരി ഉന്നത പൊലീസ് അധികാരികൾക്ക് പരാതി കൊടുത്തു. ഇതേതുടർന്ന് മാവേലിക്കര സിഐ പി ശ്രീകുമാർ 2017 സെപ്‌തംബർ രണ്ടിന് പുനരന്വേഷണം തുടങ്ങി. ശോഭനയെയും രോഹിണിയെയുംകൂടി പ്രതിചേർത്ത് പുതിയ കുറ്റപത്രം സമർപ്പിച്ചു. ഈ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം മൂവരെയും ശിക്ഷിച്ചത്.

മന്ത്രവാദത്തിന്റെയും ആഭിചാരക്രിയകളുടെയും പേരിലുള്ള ശല്യം അസഹ്യമായപ്പോഴാണ് നാട്ടുകാർ പരാതിയുമായി കലക്‌ടറെ സമീപിച്ചത്. ആതിര (ചിന്നു) പുതിയ ആൾദൈവം ചമഞ്ഞ് പൂജ, മന്ത്രവാദം, കൂടോത്രം, ബാധയൊഴിപ്പിക്കൽ എന്നീ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും പ്രചരിപ്പിക്കുന്നു എന്നായിരുന്നു നാട്ടുകാരുടെ നിവേദനം. സന്ധ്യാദീപം കൊളുത്തുന്നത് ആതിര പറയുന്ന സ്ഥലത്തല്ലെങ്കിൽ തട്ടിത്തെറിപ്പിക്കുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തി മർദിക്കുകയും ചെയ്തിരുന്നു.

English Summary: Witchcraft complaint; Three women sentenced to 13 years in prison.