ആൾമാറാട്ടം നടത്തി നിയമന തട്ടിപ്പ്; മുഖ്യപ്രതി അഖിൽ സജീവ് പിടിയിൽ, അറസ്റ്റ് തേനിയിൽ വെച്ച്

പത്തനംതിട്ടയിലെ ചോദ്യം ചെയ്യൽ പൂർത്തിയായശേഷം കന്റോൺമെന്റ് പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

0
251

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് എന്ന പേരിൽ ആൾമാറാട്ടം നടത്തി പണം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അഖിൽ സജീവ് പിടിയിൽ. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അഖിൽ സജീവിനെ അറസ്റ്റ് ചെയ്തത്. തമിഴ്നാട് തേനിയിൽ നിന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അഖിൽ സജീവ് പിടിയിലാകുന്നത്. രണ്ടുവർഷം മുമ്പ് സിഐടിയു പത്തനംതിട്ട ജില്ലാകമ്മിറ്റി ഓഫീസിൽനിന്നും ഫണ്ട് തട്ടിയ കേസിലാണ് അറസ്റ്റ് ചെയ്തത്.

അഖിലിനെ പത്തനംതിട്ടയിൽ എത്തിച്ചു. ഇവിടെ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഹോമിയോ ഡോക്ടർ തസ്തികയിൽ നിയമിക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെടുത്ത കേസ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് അന്വേഷിക്കുന്നത്. പത്തനംതിട്ടയിലെ ചോദ്യം ചെയ്യൽ പൂർത്തിയായശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. ഇതിനുശേഷമാകും കന്റോൺമെന്റ് പൊലീസ് ആൾമാറാട്ട കേസിൽ അഖിൽ സജീവിനെ കസ്റ്റഡിയിൽ വാങ്ങുക.

ആൾമാറാട്ടം നടത്തിയുള്ള നിയമന തട്ടിപ്പ് കേസിൽ ആരോപണം നേരിടുന്ന മറ്റുള്ളവരുടെ ചോദ്യം ചെയ്യലുകൾ പൂർത്തിയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അഖിൽ സജീവാണ് കേസിലെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് കണ്ടെത്തി. അഖിൽ ചെന്നൈയിലേക്ക് കടന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അവിടെനിന്ന് അഖിൽ തേനിയിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.

സിഐടിയു പത്തനംതിട്ട ജില്ലാ നേതൃത്വം നൽകിയ പരാതിയിലാണ് അറസ്റ്റ്. സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ അഖിൽ സജീവ് പണം തട്ടിയെടുത്തതായി നേതൃത്വം പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് അഖിൽ സജീവ് ആൾമാറാട്ടം നടത്തി വ്യാജ നിയമന ഉത്തരവ് നൽകി മലപ്പുറം സ്വദേശിയിൽനിന്നും വൻതുക തട്ടിയെടുത്തത്. എന്നാൽ, ഇതിന്റെ മറപിടിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിനെതിരെ വ്യാജവാർത്ത ചമക്കുകയും ചെയ്തു. ഈ പരാതിയിലും അഖിൽ സജീവിനായി അന്വേഷണം നടത്തിവരികയായിരുന്നു.

ആയുഷ്‌ മിഷൻ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട്‌ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗത്തിന്‌ റോഡിൽവച്ച്‌ കൈക്കൂലി നൽകിയെന്ന ആരോപണമാണ് ഉയർന്നിരുന്നത്. അഖിൽ സജീവ് എന്നയാളാണ് സമീപിച്ചിരുന്നതെന്നാണ് പരാതിക്കാരൻ മൊഴി നൽകിയിരുന്നത്.

English Summary: Fake Recruitment fraud by impersonation; Akhil Sajeev arrested in Theni.