മുംബൈയിൽ കെട്ടിടസമുച്ചയത്തിൽ വൻതീപിടിത്തം; ഏഴ് മരണം, 40 പേർക്ക് പരിക്ക്

സംഭവത്തിൽ പൊലീസും ഫയർഫോഴ്സും അന്വേഷണം തുടങ്ങി.

0
164

മുംബൈ: ഗൊരേഗാവിലെ ബഹുനില കെട്ടിടത്തിലുണ്ടായ വൻതീപിടിത്തതിൽ ഏഴുപേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. പൊള്ളലേറ്റ 14 പേരുടെ നില അതീവഗുരുതരമാണ്. വെള്ളിയാഴ്ച രാവിലെ പടിഞ്ഞാറൻ ഗൊരേഗാവിലെ എം ജി റോഡിലുള്ള ജയ് ഭവാനി ബിൽഡിങ്ങിലാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ മുംബൈയിലെ എച്ച്ബിടി ട്രോമ സെന്റർ, കൂപ്പർ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ രണ്ടു പേർ കുട്ടികളാണ്.

പരിക്കേറ്റവരിൽ 12 പുരുഷന്മാരും 28 സ്ത്രീകളും ഉൾപ്പെടുന്നു. അപകടകാരണം വ്യക്തമല്ല. പുലർച്ചെ മൂന്നുമണിയോടെയാണ് കെട്ടിടത്തിന്റെ ഒരു ഭാഗത്ത് തീ പടർന്നത്. ഇത് പിന്നീട് ആളിപ്പിടിക്കുകയായിരുന്നു. കെട്ടിടസമുച്ചയം ഏതാണ്ട് പൂർണമായും കത്തിയമർന്നു. കെട്ടിടത്തോട് ചേർന്ന് പ്രവർത്തിക്കുന്ന കടകൾ, സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയും കത്തിനശിച്ചു.

പുലർച്ചെ മൂന്നരയോടെ തുടങ്ങിയ രക്ഷാപ്രവർത്തനം നാല് മണിക്കൂർ നീണ്ടുനിന്നു. നഗരത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നായി 13ലേറെ ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിൽ നിന്നുമാണ് തീ പടർന്നതെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ പൊലീസും ഫയർഫോഴ്സും അന്വേഷണം തുടങ്ങി. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

English Summary: Fire At Seven Storey Building In Mumbai’s Goregaon.