കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സംശയങ്ങൾ ഉന്നയിച്ച് ഹൈക്കോടതി. കേസിൽ നിരവധി ദുരൂഹസാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സാക്ഷികളായ പ്രകാശ് തമ്പി, ജിഷ്ണു, അർജുൻ എന്നിവരുടെ പെരുമാറ്റം സംശയകരമാണ്. ബാലഭാസ്കറിന്റെ ഫോണ്‍ പ്രകാശ് തമ്പി കൈക്കലാക്കിയത് എന്തിനെന്നതിൽ വ്യക്തതയില്ലെന്നും കോടതി പറഞ്ഞു.
ബാലഭാസ്കറിനെ പ്രവേശിപ്പിച്ച മെഡിക്കൽ കോളജിൽ നിന്നും പ്രധാന ഡോക്ടറുടെ അനുവാദം വാങ്ങാതെയാണ് അനന്തപുരി ആശുപത്രിയിലേക്ക് മാറ്റിയ പ്രകാശ് തമ്പി നിർബന്ധപൂർവം മാറ്റിയത്. ഇത് ഡോക്ടര്‍മാരുടെ ഉപദേശത്തിന് വിരുദ്ധമാണ്. ആശുപത്രി മാറ്റം ഡോ. അനൂപിന് അറിയിക്കാത്തതിലും ദുരൂഹതയുണ്ട്. പ്രകാശ് തമ്പി മൊബൈല്‍ ഫോണ്‍ വാങ്ങിയതും സംശയകരമാണ്. മൊബൈൽ ഫോണും പേഴ്സും കാറിന്റെ താക്കോലും ലക്ഷ്മിക്ക് നല്‍കിയില്ല. ഇതെല്ലാം ഏതൊരു അന്വേഷണ ഉദ്യോഗസ്ഥനിലും സംശയമുണ്ടാക്കും- സിംഗിൾബെഞ്ച് നിരീക്ഷിച്ചു.
ബാലഭാസ്കറിന്‍റെ മരണത്തിൽ 20 ഓളം സംശയാസ്പദമായ സാഹചര്യങ്ങൾ വിലയിരുത്തിയാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ആറ് കിലോമീറ്റർ ചുറ്റളവിൽ സ്വകാര്യ ആശുപത്രി ഉണ്ടായിട്ടും അവിടെക്ക് മാറ്റാതെയാണ് അനന്തപുരിയിലേക്ക് മാറ്റിയത്. ഇതേ അനന്തപുരി ആശുപത്രിയുമായി പ്രകാശ് തമ്പിക്ക് ബന്ധമുണ്ടെന്നതും സംശയകരമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രകാശൻ തമ്പിയുടെയും ജിഷ്ണുവിന്റേയും കൊല്ലം മുതൽ തിരുവനന്തപുരം വരെയുള്ള യാത്രകൾ സംശയാസ്പദമാണ്.
സീറ്റ് ബെൽറ്റ് ധരിക്കാത്ത ഡ്രൈവർ അർജുന് അപകടത്തിൽ മറ്റുള്ളവരെ പോലെ സാരമായി പരിക്കേറ്റില്ല. സിബിഐയുടെ കുറ്റപത്രം അപക്വമാണെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. സംശയാസ്പദമായ സാഹചര്യങ്ങൾ ഉണ്ടായിട്ടും സിബിഐ വ്യക്തത വരുത്തിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പൊരുത്തക്കേടുകൾ ദൂരീകരിക്കാൻ വിദഗ്ധ അന്വേഷണ ഏജൻസി എന്ന നിലയിൽ സിബിഐ ശ്രമിച്ചില്ല. സാക്ഷിമൊഴികൾ അപ്പാടെ അംഗീകരിക്കുകയാണ് സിബിഐ ചെയ്തതെന്നും കോടതി വിമർശിച്ചു.
2018 സെപ്റ്റംബർ 25 ന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്കറും മകളും മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവം അന്വേഷിച്ച ക്രൈംബ്രാഞ്ചും സിബിഐയും അപകടമരണമെന്നായിരുന്നു കണ്ടെത്തിയത്. പുലർച്ചേ മൂന്നരയോടെ അമിത വേഗത്തിലായിരുന്ന വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ചെന്നും മരണം സംഭവിച്ചെന്നുമായിരുന്നു കണ്ടെത്തൽ.
എന്നാൽ അപകടമരണമല്ലെന്നും സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പരിശോധിക്കണമെന്നും ബാലഭാസ്കറിന്‍റെ അച്ഛൻ ഉണ്ണി തുടക്കം മുതലേ ആവശ്യപ്പെട്ടിരുന്നു. സംഭവം സമയം അജ്ഞാതരായ ചിലരുടെ സാന്നിധ്യം കണ്ടെന്ന മൊഴിയടക്കം സംശയങ്ങൾക്ക് ആക്കം കൂട്ടി. എന്നാൽ ഇതിലൊന്നും കഴമ്പില്ലെന്ന സിബിഐയുടെ കണ്ടെത്തലിനെതിരെയാണ് പിതാവ് ഉണ്ണി ഹൈക്കോടതിയെ സമീപിച്ചത്. ഇതേത്തുടർന്നാണ് സിബിഐ തിരുവനന്തപുരം യൂണിറ്റിന് തുടരന്വേഷണം നടത്താൻ കോടതി ആവശ്യപ്പെട്ടത്. മൂന്ന് മാസത്തിനുളളിൽ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകാനാണ് നിർദേശം.
സിബിഐ മനസിരുത്തി കേസ് അന്വേഷിക്കണം. സിബിഐ കേസില്‍ ആഴത്തില്‍ അന്വേഷണം നടത്തണം. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നിരവധിയുണ്ട്. തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ അന്തിമ അന്വേഷണ റിപ്പോര്‍ട്ടില്‍ പിഴവുകളുണ്ട്. ഉന്നയിക്കപ്പെട്ട സംശയങ്ങള്‍ക്ക് സിബിഐ കൃത്യമായ വിശദീകരണം നല്‍കിയില്ല. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി അസാധാരണമായ കാര്യങ്ങളാണ് സംഭവിച്ചത്.
നേരിയ സംശയവും അന്വേഷണത്തില്‍ തീര്‍ക്കണം. കേസിലെ ഗൂഡാലോചനയും ബന്ധങ്ങളും അന്വേഷിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സാക്ഷിമൊഴികള്‍ വിശദമായി പരിശോധിച്ചില്ല. സോബി ജോർജിന്റെ സാക്ഷിമൊഴി പരിഗണിച്ചില്ല. ബാലഭാസ്‌കറിനെ ആക്രമിച്ചവരെ അപകടസ്ഥലത്തും കണ്ടെന്നാണ് മൊഴി. ഇതും പരിശോധനക്ക് വിധേയമാക്കിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
English Summary: Violinist Balabhaskar death HighCourt raised doubts.