സുരക്ഷാ പരിശോധന; കുവൈറ്റിൽ അറസ്റ്റിലായ മലയാളി നേഴ്‌സുമാർ ജയിൽമോചിതരായി

ആവശ്യമായ രേഖകള്‍ ഇല്ലാതെ ജോലി ചെയ്തതിനാണ് അറസ്റ്റെന്ന് മാനവശേഷി സമിതി വ്യക്തമാക്കിയിരുന്നു.

0
146

കുവൈറ്റ് സിറ്റി: സുരക്ഷാ പരിശോധനക്കിടെ കുവൈറ്റിൽ അറസ്റ്റിലായ മലയാളി നേഴ്‌സുമാർ ജയിൽ മോചിതരായി. 19 നേഴ്‌സുമാരടക്കം 34 ഇന്ത്യക്കാരാണ് ജയിൽമോചിതരായത്. ഇവർക്കുപുറമെ ഫിലിപ്പീന്‍സ്, ഇറാന്‍, ഈജിപ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെയും ജയിലിൽ നിന്നും വിട്ടു. പിടിയിലായവരെ നാടുകടത്താനുള്ള നടപടികൾ പുരോഗമിക്കുന്നതിനെതിരെയാണ് ജയിൽമോചനം. 23 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ഇവർക്ക് മോചനം ലഭിക്കുന്നത്.

അടൂർ, മാവേലിക്കര, ഇടുക്കി, കണ്ണൂർ, തിരുവനന്തപുരം എന്നെ ജില്ലകളിൽ നിന്നുള്ളവരാണ് മലയാളി നേഴ്‌സുമാർ. മാലിയ മേഖലയിലെ അബ്ബാസിയ്യ ജിലീബിൽ ഇറാനി പൗരന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിൽ ജോലി ചെയ്തുവരികയായിരുന്നു ഇവർ. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഇതേ ക്ലിനിക്കിലായിരുന്നു ഇവരെല്ലാവരും സേവനമനുഷ്ഠിച്ചിരുന്നത്. ജയിൽ മോചിതരായവരിൽ 11 പേർ ആന്ധ്രാ, തമിഴ്‌നാട് സ്വദേശികളാണ്. സെപ്തംബർ 13 നാണ് സുരക്ഷാ പരിശോധനക്കിടെ നേഴ്‌സുമാരെയെല്ലാം കുവൈറ്റ് മാനവശേഷി സമിതി പിടികൂടുന്നത്. അറസ്റ്റിലായ നേഴ്‌സുമാരെ നേരത്തെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന്റെ നേരിട്ടുള്ള ഇടപെടലിനെതുടര്‍ന്നാണ് തടവില്‍ കഴിയുന്ന മുഴുവന്‍ പേരെയും വിട്ടയച്ചത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയവും കുവൈറ്റിലെ ഇന്ത്യന്‍ എംബസിയും നിരന്തര ഇടപെടല്‍ നടത്തിവരികയായിരുന്നു. ഇറാനി പൗരന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിലെ ജീവനക്കാരാണ് എല്ലാവരും.

ജയിലിൽനിന്ന് ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയശേഷം ഇവരെ വീടുകളിലേക്കു മടങ്ങാൻ അനുവദിച്ചു. ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലായിരുന്നു ഇവർ പിടിയിലായത്. ലൈസൻസില്ലാതെ ഓപ്പറേഷൻ തിയേറ്ററിൽ ജോലി ചെയ്തു, യോഗ്യതകൾ മതിയായിരുന്നില്ല എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റെന്നാണ് ഔദ്യോഗിക വിശദീകരണം.

കുവൈറ്റിലെ മാനവശേഷി സമിതി സ്ഥാപനത്തില്‍ നടത്തിയ സുരക്ഷാ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ആവശ്യമായ രേഖകള്‍ ഇല്ലാതെ ജോലി ചെയ്തതിന്റെ പേരിലാണ് അറസ്റ്റ് ചെയ്തതെന്ന് മാനവശേഷി സമിതി വ്യക്തമാക്കിയിരുന്നു. നിയമാനുസൃതം ഇവിടെ ജോലിക്ക് വന്നവരാണ് മലയാളികൾ അടക്കമുള്ള നേഴ്‌സുമാർ. എന്നാൽ, സ്‌പോണ്‍സറും തൊഴിലുടമയും തമ്മിലുളള തര്‍ക്കമാണ് അറസ്റ്റിന് കാരണമെന്നായിരുന്നു ഇവരുടെ ബന്ധുക്കളുടെ വാദം. അറസ്റ്റിലായവരില്‍ അഞ്ച് മലയാളികള്‍ നവജാത ശിശുക്കളുടെ അമ്മമാരാണ്. ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെതുടര്‍ന്ന് കുഞ്ഞുങ്ങളെ ജയിലില്‍ എത്തിച്ച് മുലയൂട്ടാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.

English Summary: Health professionals, including 19 Malayalis, released from Kuwait Jail.