കുരുക്ഷേത്ര: ഹരിയാനയിൽ കോളേജ് ക്യാന്റീനിൽ വാക്കുതർക്കത്തിനിടെ സഹപാഠികളുടെ കുത്തേറ്റ് വിദ്യാർത്ഥി കൊല്ലപ്പെട്ടു. ഹരിയാനയിലെ ഭഗവാൻ പരശുറാം കോളേജിലാണ് സംഭവം. ജിന്ധ് ജില്ലയിലെ ബറോളി സ്വദേശിയും രണ്ടാം വർഷ ബിഎ വിദ്യാർത്ഥിയുമായ ശിവം ആണ് കൊല്ലപ്പെട്ടത്. രണ്ട് സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സദർ താനേസർ എസ് എച്ച് ഒ ദിനേശ് കുമാർ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികൾ ഒളിവിലാണെന്നും തെരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.
ബുധനാഴ്ച വൈകിട്ടായിരുന്നു കൊലപാതകം. അർബൻ എസ്റ്റേറ്റിലെ സെക്ടർ -5 ൽ സ്ഥിതി ചെയ്യുന്ന കോളേജിലെ ക്യാന്‍റീനിൽ വിദ്യാർത്ഥികള്‍ തമ്മിൽ വാക്കേറ്റമുണ്ടായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബറോളി ഗ്രാമവാസിയായ ശിവം വൈകിട്ടോടെ തന്‍റെ സുഹൃത്തുക്കളുമായി കോളേജ് ക്യാന്‍റീനിലെത്തി. അതേസമയം മറ്റൊരു സംഘവും അവിടെയെത്തി. അതിലൊരാള്‍ ശിവത്തിന്‍റെ സുഹൃത്തിനെ അസഭ്യം വിളിച്ചു. ഇതിനെ എതിർത്ത് ശിവം രംഗത്ത് വന്നതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടയിലാണ് എതിർ സംഘത്തിലെ വിദ്യാർത്ഥികളിലൊരാള്‍ കത്തികൊണ്ട് ശിവത്തെ കുത്തിവീഴ്ത്തിയത്. ഇതോടെ അക്രമികൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു. പരിക്കേറ്റ ശിവത്തെ ഉടനെ തന്നെ സഹപാഠികള്‍ ചേർന്ന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് പൊലീസ് കേളേജിലെത്തി അന്വേഷണം ആരംഭിച്ചു. കോളേജിലേയും ക്യാന്‍റീനിലേയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ആക്രമണത്തിന് പിന്നാലെ മൂന്ന് വിദ്യാർത്ഥികൾ കോളേജ് പരിസരത്ത് നിന്ന് ബൈക്കിൽ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.
English Summary: BA second-year student was allegedly stabbed to death after a quarrel.