ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ‍് നടൻ രൺബീർ കപൂറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. മഹാദേവ് ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഒക്ടോബർ ആറിന് ഹാജരാകാനാണ് നിർദേശം. മഹാദേവ് ഓൺലൈനിന്റെ വാതുവെപ്പ് കേസിൽ രൺബീറിനെ കൂടാതെ നിരവധി ബോളിവുഡ് താരങ്ങളും ഗായകരും അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണ്.
ഈ വർഷം ഫെബ്രുവരിയിൽ യുഎഇയിൽ നടന്ന മഹാദേവ് ആപ്പ് പ്രൊമോട്ടറായ സൗരഭ് ചന്ദ്രക്കറിന്റെ വിവാഹത്തിലും വിജയാഘോഷത്തിലും താരം പങ്കെടുത്തതും ഇ ഡി അന്വേഷിക്കുന്നുണ്ട്. 112 കോടി രൂപ ഹവാല വഴി ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് എത്തിച്ചതായാണ് ഇ ഡി ശേഖരിച്ച തെളിവുകളിൽ പറയുന്നത്. കേസിൽ മഹാദേവ് ആപ്പ് പ്രൊമോട്ടറായ സൗരഭ് ചന്ദ്രക്കർ, രവി ഉപ്പൽ എന്നിവർക്കെതിരെ ഇതിനകം റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
റായ്‌പൂരിലെ പിഎംഎൽഎ പ്രത്യേക കോടതി ഇരുവർക്കുമെതിരെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. കേസിൽ വ്യവസായികളായ സുനിൽ, അനിൽ ടമ്മനി എന്നിവരെയും പൊലീസുദ്യോഗസ്ഥരായ ചന്ദ്രഭൂഷൺ വർമ്മ, സതീഷ് ചന്ദ്രാർക്കർ എന്നിവരെയും ഇ ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഭോപ്പാൽ, മുംബൈ, കൊൽക്കത്ത, റായ്‌പുർ എന്നിവിടങ്ങിലെ 39 സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും കണക്കിൽപ്പെടാത്ത 417 കോടിയുടെ ആസ്തികൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് രൺബീർ കപൂറിന് നോട്ടീസ് അയച്ചത്.
ടൈഗർ ഷ്രോഫ്, സണ്ണി ലിയോണി, നേഹ കക്കർ, അതിഫ് അസ്ലം, രഹത് ഫത്തേ അലി ഖാൻ, അലി അസ്ഗർ, വിശാൽ ദദ്‌ലാനി, എല്ലി അവ്‌റാം, ഭാരതി സിംഗ്, ഭാഗ്യശ്രീ, കൃതി ഖർബന്ദ, നുഷ്രത്ത് ഭരുച്ച, കൃഷ്ണ അഭിഷേക്, സുഖ്‌വീന്ദർ സിംഗ് എന്നിവരും ഇ ഡിയുടെ നിരീക്ഷണത്തിലാണ്.
English Summary: ED summons Bollywood Actor Ranbir Kapoor for ‘promoting online betting app’.