ഫേസ്‍ബുക്ക് വഴി അടുത്തു; ഭാര്യാഭർത്താക്കന്മാരെന്നു പറഞ്ഞ് മുറിയെടുത്തു, ജ്യോത്സ്യനെ മയക്കി സ്വർണവും പണവും തട്ടിയ യുവതി പിടിയിൽ

ഫേസ്‍ബുക്ക് വഴിയാണ് അന്‍സി കൊല്ലം സ്വദേശിയായ ജോത്സ്യനെ പരിചയപ്പെട്ടത്.

0
21159

കൊച്ചി: ഇടപ്പള്ളിയിൽ യുവജോത്സ്യനെ മയക്കിക്കിടത്തി പന്ത്രണ്ടര പവൻ സ്വർണവും പണവും ഫോണും കവർന്ന കേസില്‍ യുവതി പിടിയിൽ. തൃശൂർ മണ്ണുത്തി സ്വദേശി അൻസിയെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബർ 26ന് ഇടപ്പള്ളിയിലെ ലോഡ്ജിൽ വെച്ചായിരുന്നു കവര്‍ച്ച.

ഫേസ്‍ബുക്ക് വഴിയാണ് അന്‍സി കൊല്ലം സ്വദേശിയായ ജോത്സ്യനെ പരിചയപ്പെട്ടത്. ആതിര എന്ന അക്കൗണ്ടില്‍ നിന്നാണ് യുവതിയുടെ ഫ്രണ്ട് റിക്വസ്റ്റ് വന്നത്. ഇത് സ്വീകരിച്ചതോടെ ജോത്സ്യനോട് പൂജകളെക്കുറിച്ചും ദോഷപരിഹാരക്രിയകളെപ്പറ്റിയും അന്വേഷിച്ചു. ചുരുങ്ങിയ കാലം കൊണ്ട് അടുപ്പം സ്ഥാപിച്ചശേഷം ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കെന്ന് പറഞ്ഞാണ് ജോത്സ്യനെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയത്. പിന്നാലെ കൂട്ടുകാരൻ അരുൺ എന്നയാളെ കാണാമെന്ന് പറഞ്ഞ് ഇടപ്പള്ളിയിൽ എത്തിച്ചു.

ദമ്പതികളെന്ന് പറഞ്ഞാണ് ഇടപ്പള്ളിയിലെ ഹോട്ടലിൽ മുറിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇവിടെ വെച്ച് അൻസി ശീതള പാനീയത്തിൽ മയക്കുമരുന്ന് നൽകിയശേഷം ജോത്സ്യന്റെ അഞ്ച് പവന്റെ മാല, മൂന്ന് പവന്റെ ചെയിന്‍, മോതിരം എന്നിവയും മൊബൈല്‍ ഫോണും പണവും തട്ടിയെടുത്ത് മുങ്ങുകയായിരുന്നു. ഭര്‍ത്താവ് ഉറങ്ങുകയാണെന്നും വൈകിട്ട് വിളിച്ചുണർത്തണമെന്നും ഹോട്ടൽ ജീവനക്കാരെ ചട്ടംകെട്ടിയാണ് അൻസി സ്ഥലം വിട്ടത്. വൈകുന്നേരം ഹോട്ടല്‍ ജീവനക്കാര്‍ മുറിയില്‍ എത്തി നോക്കിയപ്പോഴാണ് ജോത്സ്യനെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ തന്നെ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചു. എളമക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അൻസി പിടിയിലായത്.

English Summary: Lady met Astrologer through Facebook.