അഗ്നിക്ക് ചുറ്റും ഏഴുവട്ടം ചുറ്റിയാലേ ഹിന്ദു വിവാഹം സാധുവാകൂ; ഉത്തരവുമായി അലഹബാദ് ഹൈക്കോടതി

അഗ്നിയ്ക്ക് ചുറ്റും ഏഴുതവണ വലം വയ്ക്കുന്ന അനുഷ്ഠാനമാണ് സാത്ത് ഫേര.

0
261

പ്രയാഗ്‌രാജ്: ഹിന്ദു വിവാഹങ്ങളിലെ ‘സാത്ത് ഫേര’ അനുഷ്ഠിച്ചില്ലെങ്കിൽ വിവാഹം അസാധുവാണെന്ന ഉത്തരവുമായി അലഹബാദ് ഹൈക്കോടതി. ഹിന്ദു വിവാഹങ്ങളിൽ താലികെട്ടലിനുശേഷം വധുവും വരനും അഗ്നിയ്ക്ക് ചുറ്റും ഏഴുതവണ വലം വയ്ക്കുന്ന അനുഷ്ഠാനമാണ് സാത്ത് ഫേര എന്ന സപ്തപദി. സാത്ത് ഫേര അനുഷ്ഠിച്ചില്ലെങ്കിൽ വിവാഹം സാധുവാകില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കുമാർ സിംഗ് ഉത്തരവിൽ പറഞ്ഞു. വിവാഹമോചനം നേടാതെ രണ്ടാം തവണ മറ്റൊരാളുമായി വിവാഹിതയായ ഭാര്യയ്ക്കെതിരെ ആദ്യ ഭർത്താവ് നൽകിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. താൻ വിവാഹസമയത്ത് എഴുതവണ അഗ്നിക്ക് ചുറ്റും വലം വെച്ചിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ആദ്യ വിവാഹം
സാധുവല്ലെന്നുമുള്ള യുവതിയുടെ വാദം കോടതി അംഗീകരിച്ചു.

ഹിന്ദുവിവാഹ നിയമത്തിലെ സെക്ഷൻ 7 അനുസരിച്ച് ആചാരാനുഷ്ഠാനങ്ങൾ പ്രകാരമുള്ള വിവാഹം സാധുവാകുന്നത് ‘സാത്ത് ഫേര’ അടക്കം എല്ലാ ആചാരങ്ങളും പൂർത്തിയായാൽ മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു. യുവതിയ്ക്ക് എതിരായി ആദ്യ ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് നടപടികൾ കോടതി റദ്ദാക്കി.

2017 ലാണ് സ്മൃതി സിം​ഗ് സത്യം സിം​ഗിനെ വിവാഹം കഴിക്കുന്നത്. എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങൾ തുടർന്ന് യുവതി ബന്ധം ഉപേക്ഷിക്കുകയും സ്ത്രീധന പീഡനം ആരോപിച്ച് പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. തുടർന്ന് 2021 ജനുലരി 11ന് കേസ് കോടതിയിലെത്തുകയും പുനർവിവാഹം വരെ യുവതിക്ക് 4,000 രൂപ ജീവനാംശം നൽകണമെന്ന് മിർസാപൂർ കുടുംബ കോടതി ഉത്തരവിടുകയും ചെയ്തു. പിന്നാലെ 2021 സെപ്റ്റംബർ 20നാണ് യുവതി അനധികൃതമായി രണ്ടാമത് വിവാഹിതയായെന്ന് കാണിച്ച് സത്യം സിം​ഗ് യുവതിക്കെതിരെ പരാതിയുമായി കോടതിയിലെത്തുന്നത്. ഈ കേസിലാണ് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്.

English Summary: Hindu Wedding Not Valid Without Saat Pheras.