ഗൂഢാലോചനയുണ്ടെങ്കിൽ കണ്ടെത്തണം; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

സ്വര്‍ണ്ണക്കടത്ത് ബന്ധം അടക്കം എല്ലാവശങ്ങളും സിബിഐ അന്വേഷിക്കണമെന്ന് കോടതി.

0
124

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ പുതിയ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സ്വര്‍ണ്ണക്കടത്ത് ബന്ധം അന്വേഷിക്കാനും ഉത്തരവുണ്ട്. എല്ലാവശങ്ങളും സിബിഐ അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണെമന്നും സിബിഐയ്ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ ഉണ്ണിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. അപകടമരണം നടന്ന് അഞ്ചുവർഷം പിന്നിടുമ്പോഴാണ് പുതിയ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

അതേസമയം വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന വാദം നേരത്തെ സിബിഐ തള്ളിയിരുന്നു. അപകടമരണമാണെന്നും സംശയകരമായി മറ്റൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നുമായിരുന്നു സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. സംഭവത്തില്‍ അന്വേഷണം നടത്തിയ സിബിഐ സംഘം ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചു. അപകടത്തിന് കാരണമായത് വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധ തന്നെയാണെന്ന നിഗമനത്തിലാണ് സിബിഐ അന്വേഷണത്തിനൊടുവില്‍ എത്തിച്ചേര്‍ന്നത്.

വാഹനം ഓടിച്ചിരുന്ന അർജുൻ നാരായണൻ അമിത വേഗതയിലായിരുന്നുവെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ, ഈ കണ്ടെത്തൽ ബാലഭാസ്കറിന്റെ കുടുംബം തള്ളി. മരണത്തിൽ ദുരൂഹത ഉണ്ടെന്നും അതുകൊണ്ടുതന്നെ സമഗ്ര അന്വേഷണം വേണമെന്നുമായിരുന്നു അച്ഛൻ ഉണ്ണി അടക്കമുള്ളവരുടെ ആവശ്യം. കേസിന്റെ വിചാരണ തുടരാൻ അനുവദിക്കണമെന്നും മൂന്ന് സാക്ഷികളെ ഇതുവരെ വിസ്തരിച്ചതായും സിബിഐ കോടതിയെ അറിയിച്ചിരുന്നു. കേസിന്റെ വിചാരണ നടപടികൾ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ ഉണ്ണിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

2018 സെപ്റ്റംബർ 25നു പുലർച്ചെയായിരുന്നു അപകടം.ബാലഭാസ്‌കറിന്റെ മരണം സാധാരണ അപകടമാണെന്നായിരുന്നു ലോക്കൽ പൊലീസിന്റെ നിഗമനം. മരണത്തിൽ ദുരുഹത ഉണ്ടെന്ന്‌ ആരോപിച്ച്‌ ബാലഭാസ്‌കറിന്റെ പിതാവ് അടക്കം രംഗത്തെത്തിയതോടെ കേസന്വേഷണം സർക്കാർ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ദുരൂഹത പൂർണമായും നീക്കാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ലെന്നും ആരോപിച്ച കുടുംബം കേസ്‌ സിബിഐക്ക്‌ വിടണം എന്നാവശ്യപ്പെട്ടു. അപകടത്തിൽ സ്വർണക്കടത്ത്‌ സംഘത്തിന്‌ ബന്ധമുണ്ടോയെന്ന്‌ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 2020 ജൂലൈ 29 നാണ് കേസന്വേഷണം സിബിഐ ഏറ്റെടുത്തത്.

കേസിൽ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്‌ കേസിൽ പിടിയിലായ പ്രകാശ്‌ തമ്പി, വിഷ്‌ണു എന്നിവരെ സിബിഐ ചോദ്യം ചെയ്തിരുന്നു. ബാലഭാസ്‌കറിന്റെ സംഗീത പരിപാടികളുടെ സംഘാടകനായിരുന്നു പ്രകാശ്‌ തമ്പി. നികുതി അടക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കിയിരുന്നത്‌ വിഷ്‌ണുവായിരുന്നു. ബാലഭാസ്‌കറിന്റെ മരണശേഷമാണ്‌ ഇരുവരും സ്വർണക്കടത്ത്‌ കേസിൽ അറസ്‌റ്റിലായത്‌. ബാലുവിന്റെ മരണത്തിൽ ഇവർക്ക്‌ എതിരെ കുടുംബാംഗങ്ങൾ ചില സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു.

English Summary: Death of violinist Balabhaskar; If there is conspiracy, it should be discovered; Kerala HC.