ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് കൊടിയേറും; ആദ്യ പോരാട്ടം ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിൽ

നവംബര്‍ 15ന് മുംബൈയിലും 16ന് കൊല്‍ക്കത്തയിലുമാണ് സെമി ഫൈനല്‍.

0
241

അഹമ്മദാബാദ്‌: നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പായ ന്യൂസിലന്‍ഡും തമ്മിൽ ഏറ്റുമുട്ടുന്നതോടെ ക്രിക്കറ്റിന്റെ ലോകരാജാക്കന്മാർക്കു വേണ്ടിയുള്ള പോരാട്ടത്തിന് വ്യാഴാഴ്ച തുടക്കമാകും. വരും ദിവസങ്ങളിൽ തീ പാറുന്ന മത്സരങ്ങൾക്ക് ഇന്ത്യ വേദിയൊരുക്കുമ്പോൾ അത് ക്രിക്കറ്റ് ആരാധകരിൽ ആവേശം നിറക്കുമെന്നുറപ്പ്. 45 നാൾ നീളുന്ന 48 മത്സരങ്ങളിലൂടെയാണ് ക്രിക്കറ്റിലെ ലോകരാജാവിനെ തെരഞ്ഞെടുക്കുക. കഴിഞ്ഞ തവണത്തെ കലാശപ്പോരിന്റെ തനിയാവർത്തനം തന്നെയാകും ഇക്കുറിയിലെ ഉദ്‌ഘാടന മത്സരവും. ഗുജറാത്തിലെ മൊട്ടേറയിലുള്ള നരേന്ദ്രമോഡി സ്റ്റേഡിയത്തിൽ ഉച്ചക്ക് രണ്ടുമണിക്ക് മത്സരത്തിന് തുടക്കമാകും. അടുത്ത മാസം 19-ന് ഇതേ സ്റ്റേഡിയത്തിൽ തന്നെയാണ് കലാശപ്പോരാട്ടവും.

ഇതാദ്യമായാണ് ഇന്ത്യ ഒറ്റയ്ക്ക് ലോകകപ്പിന് ആതിഥ്യമരുളുന്നത്. അഹമ്മദാബാദിനു പുറമേ മുംബൈ വാങ്ക്‌ഡേ സ്‌റ്റേഡിയം, കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സ്, ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയം, ഡല്‍ഹി അരുണ്‍ജയ്റ്റ്‌ലി സ്‌റ്റേഡിയം, ധരംശാല എച്ച്പിസി സ്‌റ്റേഡിയം, ലഖ്‌നൗ അടല്‍ ബിഹാരി വാജ്‌പേയ് സ്‌റ്റേഡിയം, പുണെ എംസിഎ സ്‌റ്റേഡിയം, ഹൈദരാബാദ് രാജീവ്ഗാന്ധി സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ.

പങ്കെടുക്കുന്ന 10 ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന റൗണ്ട് റോബിന്‍ ലീഗ് ഫോര്‍മാറ്റിലാണ് ആദ്യ റൗണ്ട് നടക്കുന്നത്. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആദ്യ നാലു ടീമുകള്‍ സെമി ഫൈനലിലേക്കു മുന്നേറും. ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മിലാണ് ആദ്യ സെമി. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവര്‍ തമ്മിലാണ് രണ്ടാം സെമി. ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. നവംബര്‍ 15ന് മുംബൈയിലും 16ന് കൊല്‍ക്കത്തയിലുമാണ് സെമി ഫൈനല്‍.

സന്നാഹ മത്സരത്തിറങ്ങിയ ക്യാപ്‌റ്റൻ കെയ്‌ൻ വില്യംസൺ ന്യൂസിലൻഡിനായി ആദ്യമത്സരത്തിറങ്ങില്ല. പേസ്‌ നിരയുടെ കുന്തമുനയായ ടിം സൗത്തിയും ആദ്യ മത്സരത്തിൽ കളിക്കില്ല. സന്നാഹ മത്സരങ്ങളിൽ പാകിസ്ഥാനെയും ദക്ഷിണാഫ്രിക്കയെയും കീഴടക്കിയാണ്‌ ന്യൂസിലൻഡ്‌ അഹമ്മദാബാദിൽ എത്തിയത്‌. ജോസ്‌ ബട്‌ലറുടെ കീഴിലിറങ്ങുന്ന ഇംഗ്ലണ്ട്‌ തൊട്ടുമുമ്പ്‌ നടന്ന ഏകദിന പരമ്പരയിലും ന്യൂസിലൻഡിനെ കീഴടക്കിയാണ്‌ വരവ്‌. സന്നാഹമത്സരങ്ങളിൽ ഇന്ത്യയുമായുള്ള മത്സരം മഴയിൽ മുങ്ങിയെങ്കിലും ബംഗ്ലാദേശിനോടുള്ള മത്സരം നാലുവിക്കറ്റിന്‌ മഴ നിയമപ്രകാരം ഇംഗ്ലണ്ട്‌ ജയിച്ചു.

മത്സരങ്ങൾ സ്റ്റാർ സ്‌പോർട്‌സിലും 
ഹോട്‌സ്റ്റാറിലും
ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ മത്സരങ്ങൾ സ്റ്റാർ സ്‌പോർട്‌സ്‌ ചാനലുകളിൽ കാണാം. ഹോട്‌സ്റ്റാറിലാണ്‌ ഓൺലൈൻ സംപ്രേഷണം. പകൽ രണ്ടിനാണ്‌ മത്സരങ്ങൾ ആരംഭിക്കുക. ആറ്‌ ദിവസം രണ്ട്‌ കളിയുണ്ട്‌. ഇത്‌ രാവിലെ 10.30നും പകൽ രണ്ടിനും നടക്കും.

English Summary: The Cricket World Cup 2023 will begin at the Narendra Modi Stadium.