‘അടിച്ച് ഷേപ്പ് മാറ്റും, നീയൊക്കെ എവിടുന്നോ വന്ന അലവലാതികൾ’; എസ്എഫ്ഐ പ്രവര്‍ത്തകരെ അധിക്ഷേപിച്ചും ഭീഷണി മുഴക്കിയും പ്രിന്‍സിപ്പല്‍

വനിതാ ഹോസ്റ്റലിൽ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് വനിതാ പ്രിൻസിപ്പൽ ഭീഷണി മുഴക്കിയത്.

0
3180

തിരുവനന്തപുരം: തിരുവനന്തപുരം വനിതാ നേഴ്സിങ് കോളേജിന്റെ ഹോസ്റ്റലിൽ ക്യാമറയും സെക്യൂരിറ്റിയും അടക്കമുള്ള സുരക്ഷാ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വനിതാ പ്രിൻസിപ്പലിന്റെ അസഭ്യ വർഷവും ഭീഷണിയും. തിരുവനന്തപുരം വനിതാ നേഴ്സിങ് കോളേജ് പ്രിന്‍സിപ്പല്‍ സി ശ്രീദേവി അമ്മയാണ് വിദ്യാർത്ഥിനികൾ അടക്കമുള്ളവരെ പച്ചത്തെറി പറഞ്ഞ് ഭീഷണി മുഴക്കിയത്. നേഴ്സിങ് കോളേജ് ഹോസ്റ്റലിൽ ക്യാമറയും സെക്യൂരിറ്റി ജീവനക്കാരെയും വെക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ നിവേദനം നൽകാൻ എത്തിയപ്പോഴാണ് വിദ്യാർത്ഥികളെ ഒന്നടങ്കം അധിക്ഷേപിച്ചത്. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

വനിത ഹോസ്റ്റലില്‍ ക്യാമറയും സ്ഥാപിക്കണമെന്നും സെക്യൂരിറ്റി ഒരുക്കണമെന്നുമുള്ള വിദ്യാർത്ഥികളുടെ ആവശ്യം പ്രിൻസിപ്പൽ അംഗീകരിച്ചിരുന്നില്ല. ഇക്കാര്യം സംസാരിക്കാനാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ സമീപിച്ചത്. നേരത്തെയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ അനുകൂല മറുപടി ലഭിച്ചിരുന്നില്ല. തുടർന്നാണ് ജില്ലാ നേതാക്കളടക്കം വന്നപ്പോൾ വളരെ മോശമായി വനിതാ പ്രിൻസിപ്പൽ പെരുമാറിയത്. കൂടുതൽ കളിച്ചാൽ അടിച്ചു ഷേപ്പ് മാറ്റുമെന്നും അതിനുള്ള ആൾക്കാരൊക്കെ തന്റെ പക്കലുണ്ടെന്നായിരുന്നു പ്രിന്‍സിപ്പല്‍ സി ശ്രീദേവി അമ്മയുടെ ഭീഷണി. ഞാന്‍ എന്ന വ്യക്തി കഴിഞ്ഞിട്ടെ എല്ലാമുള്ളുവെന്നും നീയൊക്കെ എവിടുന്നോ വന്ന അലവലാതികൾ ആണെന്നും പ്രിൻസിപ്പൽ ആക്രോശിക്കുകയും ചെയ്തു.

‘നിനക്കെക്കെ എന്തെങ്കിലും മര്യാദയുണ്ടോ? നാല് തടിയന്മാർ വന്ന് എന്നെ ഭീഷണിപ്പെടുത്താൻ നോക്കുന്നോ. അടിച്ച് നിന്റെയൊക്കെ ഷേപ്പ് മാറ്റും. എവിടന്നോ വന്ന അലവലാതികളെ എന്നോട് സംസാരിക്കാൻ ഞാൻ സമ്മതിക്കില്ല. നാല് പൊണ്ണത്തടിയന്മാർ വന്ന് എന്റെയൊക്കെ നെഞ്ചത്ത് കയറുന്നോ, നിങ്ങളെ പോലുള്ള അലവലാതികളോണ്ട് മിണ്ടാൻ താല്പര്യമില്ല’ എന്നായിരുന്നു പ്രിൻസിപ്പലിന്റെ മറുപടി. സമനില തെറ്റിയ നിലയിൽ പിന്നെയും ഈ വനിതാ പ്രിൻസിപ്പൽ എന്തൊക്കയോ ആക്രോശിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. ഇതിനുപുറമെ മേശപ്പുറത്തിരുന്ന വെയ്റ്റ് ഉപയോഗിച്ച് വിദ്യാർത്ഥികളെ എറിയാൻ ശ്രമിക്കുന്നതും കാണാം. വിദ്യാർഥികൾ നൽകിയ നിവേദനം വലിച്ചുകീറാനും ശ്രമിച്ചു. നാക്കു കടിച്ചും പേപ്പർ വെയ്റ്റ് എടുത്തും ആക്രോശിക്കുന്നതും കാണാം.

ഹോസ്റ്റലില്‍ സെക്യൂരിറ്റിയെ ഏര്‍പ്പെടുത്തണമെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യം പ്രിന്‍സിപ്പല്‍ നിരസിക്കുകയാണെന്നും വിദ്യാർഥികൾ പറഞ്ഞു. അടിച്ചു ഷേപ്പ് മാറ്റുമെന്നും പ്രിന്‍സിപ്പല്‍ അധിക്ഷേപിച്ചതായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവം ഇതിനകം വലിയ വിവാദമായിട്ടുണ്ട്.

English Summary: The Nursing College Principal threatened students in Trivandrum.