നവജാതശിശു മരിച്ചെന്ന് ഡോക്ടര്‍മാര്‍; സംസ്ക്കാരത്തിന് തൊട്ടുമുമ്പ് അത്ഭുതകരമായി ജീവിതത്തിലേക്ക്

അന്ത്യകര്‍മങ്ങള്‍ക്കായി കുഞ്ഞിനെ പുറത്തെടുത്തപ്പോൾ കുട്ടി കരയുകയായിരുന്നു.

0
1514

സിൽച്ചർ: മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച നവജാത ശിശു സംസ്‌കാരത്തിന്‌ തൊട്ടുമുന്‍പ് അത്ഭുതകരമായി ജീവിതത്തിലേക്ക്. അസമിലെ സിൽച്ചറിലാണ് സംഭവം. മാലിനിബിൽ സ്വദേശി രത്തന്‍ദാസിന്റെ ആറുമാസം ഗര്‍ഭിണിയായ ഭാര്യയെ ചൊവ്വാഴ്ച വൈകിട്ടാണ് അസമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സങ്കീര്‍ണതകള്‍ ഉള്ളതിനാല്‍ അമ്മയെയോ കുഞ്ഞിനെയോ രക്ഷിക്കാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി രത്തന്‍ ദാസ് പറഞ്ഞു.

പ്രസവചികിത്സക്കായി രത്തന്‍ ദാസ് ഒപ്പിട്ടുകൊടുത്തു. തുടർന്ന് ബുധനാഴ്ച പ്രസവം നടന്നു. എന്നാൽ, കുഞ്ഞ് മരിച്ചുവെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് രത്തന്‍ ദാസ് വ്യക്തമാക്കിയതായി ‘എൻഡിടിവി’ റിപ്പോർട്ട് ചെയ്തു. പ്രസവത്തോടെ കുഞ്ഞ് മരിച്ചെവെന്നായിരുന്നു ആശുപത്രി അധികൃതർ അറിയിച്ചത്. ബുധനാഴ്ച രാവിലെ കുട്ടിയെ ഒരു പാക്കറ്റിലാക്കിയാണ് കൈമാറിയത്. ഇതിനൊപ്പം മരണ സർട്ടിഫിക്കറ്റും നൽകി.

പിന്നീട് സിൽച്ചറിലെ ശ്മശാനത്തിൽ സംസ്കാരം തീരുമാനിക്കുകയും ചെയ്തു. അന്ത്യകര്‍മങ്ങള്‍ക്കായി കുഞ്ഞിനെ പുറത്തെടുത്തപ്പോൾ കുട്ടി കരയുകയായിരുന്നു. ഉടൻതന്നെ കുഞ്ഞുമായി ആശുപത്രിയിലേക്ക് ഓടുകയായിരുന്നു അച്ഛൻ. കുഞ്ഞ് ഇപ്പോള്‍ ചികിത്സയിലാണ്. അതേസമയം, കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുന്നതിന് മുമ്പ് എട്ട് മണിക്കൂര്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

സംഭവത്തെത്തുടർന്ന് സിൽച്ചറിലെ മാലിനിബിൽ പ്രദേശത്തെ സ്വകാര്യാശുപത്രിക്ക് മുന്നിൽ രോഷാകുലരായ നാട്ടുകാർ തടിച്ചുകൂടി. ഏറെനേരം സംഘർഷാവസ്ഥ ഉടലെടുത്തു. ആശുപത്രി അധികൃതരുടെ അനാസ്ഥക്കും അശ്രദ്ധക്കുമെതിരെ രത്തന്‍ ദാസ് പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

English Summary: Newborn declared dead, found alive in crematorium in Assam.