പൂച്ചകളെ കൂട്ടത്തോടെ മരുഭൂമിയിൽ തള്ളി; 62 എണ്ണം ചത്തു, അന്വേഷണം പ്രഖ്യാപിച്ച് അബൂദബി സർക്കാർ

150 ലേറെ പൂച്ചകളെയാണ് അൽഫല മേഖലയിലെ മരുഭൂമിയിൽ തള്ളിയത്.

0
333

അബുദബി: അബൂദബിയിലെ മരുഭൂമിയിൽ 150 ലേറെ പൂച്ചകളെ കൂട്ടത്തോടെ തള്ളിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് അബൂദബി സർക്കാർ. കഴിഞ്ഞ ദിവസമാണ് 150 ലേറെ പൂച്ചകളെ കൂട്ടത്തോടെ മരുഭൂമിയിൽ തള്ളിയത്. സംഭവത്തിന്റെ വിഡിയോയും ചിത്രങ്ങളും പുറത്തുവന്നതോടെ വിഷയം വലിയ വിവാദമായി. തുടർന്നാണ് ഭരണാധികാരികൾ അന്വേഷണത്തിനു ഉത്തരവിട്ടത്.

അബൂദബിയിലെ അൽഫല മേഖലയിലാണ് പൂച്ചകളെ കൂട്ടത്തോടെ തള്ളിയത്. ഭക്ഷണവും വെള്ളവും കിട്ടാതെ പലതും ചത്തു. ചുരുങ്ങിയത് 62 പൂച്ചകളെങ്കിലും ചത്തതായി ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു. 90 പൂച്ചകളെ ഇതിനകം അബൂദബിയിലെ ചില കൂട്ടായ്മകൾ രക്ഷിച്ചു. ഭക്ഷണവും വെള്ളവും കിട്ടാതെ പലതും അവശനിലയിലായിരുന്നുവെന്ന് ‘ദ നാഷണൽ ന്യൂസ്’ റിപ്പോർട്ട് ചെയ്തു. പലതിന്റെയും ഉടമസ്ഥരെ കണ്ടെത്തിയിട്ടുണ്ട്. അവർക്ക് തന്നെ പൂച്ചകളെ കൈമാറുമെന്നും അധികൃതർ അറിയിച്ചു. ഇതിനുപുറമെ ഏതാനും നായക്കുട്ടികളെയും ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

മൃഗങ്ങളുടെ ക്ഷേമത്തിനും അവകാശത്തിനുമായി പ്രവർത്തിക്കുന്ന അബുദാബിയിലെ ചില കൂട്ടായ്മകൾ ഇവയുടെ വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടതോടെയാണ് അബൂദബി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. അബുദബി നഗരസഭാ- ഗതാഗത വകുപ്പാണ് അന്വേഷണം നടത്തുക. ഭക്ഷണവും വെള്ളവുമില്ലാത്ത അവസ്ഥയിൽ ഇവയിൽ പലതും ചത്തുപോയിരുന്നു. മൃഗങ്ങളെ ഉപേക്ഷിച്ചത് പരിഷ്കൃത സമൂഹത്തിന് ചേരാത്ത പ്രവൃത്തിയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. തികച്ചും മനുഷ്യത്വരഹിതമായ നടപടിയാണെന്നും അന്വേഷണം തുടങ്ങിയതായും അബൂദബി നഗരസഭ-ഗതാഗത വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

കുറ്റക്കാരെ കണ്ടെത്തി നിയമ നടപടി കൈക്കൊള്ളും. പൂച്ചകളെ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം വിലയിരുത്തും. ഇക്കാര്യം സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയ സന്നദ്ധപ്രവർത്തകരുടെയും മൃഗസ്നേഹികളുടെയും വികാരത്തെ മാനിക്കുന്നുവെന്നും അബൂദബി നഗരസഭ വകുപ്പ് അറിയിച്ചു. ഇത്തരം സംഭവങ്ങളെപ്പറ്റിആർക്കെങ്കിലും വിവരം ലഭിച്ചാൽ അക്കാര്യം ഉടനടി അധികാരികളെ അറിയിക്കണമെന്നും അബൂദബി നഗരസഭ വകുപ്പ് പറഞ്ഞു.

English Summary: UAE Authority vows legal action as it investigates cats abandoned in desert.