‘കോൺഗ്രസിൽ ഐക്യമില്ല, അണികളെ ഓർത്തെങ്കിലും തമ്മിൽത്തല്ല് നിർത്തണം’; സുധാകരനും സതീശനുമെതിരെ ആഞ്ഞടിച്ച് ആന്റണി

പുനഃസംഘടന വൈകുന്നതിൽ രോഷം കൊണ്ട് കെ സി വേണുഗോപാൽ.

0
144

തിരുവനന്തപുരം: പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ ആഞ്ഞടിച്ച് മുതിർന്ന നേതാവ് എ കെ ആന്റണി. പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും തമ്മിൽ ഒരു കാര്യത്തിലും പൊരുത്തമോ അഭിപ്രായഐക്യമോ ഇല്ലെന്ന് ആന്റണി കെപിസിസി നേതൃയോഗത്തിൽ തുറന്നടിച്ചു. പാർട്ടിയിൽ ഐക്യമില്ലെങ്കിലും അത് പുറത്തുകാണിക്കാതിരിക്കാനുള്ള ബോധമെങ്കിലും ഈ നേതാക്കൾ കാട്ടണം. പാർട്ടിയിൽ പരസ്പരം ഐക്യം ഇല്ലെങ്കിലും അതുണ്ടെന്ന് അണികളെയെങ്കിലും ബോധ്യപ്പെടുത്താൻ കഴിയണം- ആന്റണി തുറന്നടിച്ചു.

പാർട്ടിയിൽ ഐക്യം കൊണ്ടുവരേണ്ടത് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവുമാണെന്ന് തിരിച്ചറിയണം. നേതാക്കൾ പക്വത കാട്ടണമെന്നും സ്വയം പരിഹാസ്യരാവരുതെന്നും ആന്റണി വിമർശിച്ചു. പാർട്ടി നേതൃത്വം എന്നത് സുധാകരനും സതീശനുമാണ്. അത് എല്ലാവരും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വത്തിനെതിരെ നിശിതമായ ഭാഷയിലായിരുന്നു കെപിസിസി യോഗത്തില്‍ ആന്റണിയുടെ വിമർശനം.

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും സുധാകരനും സതീശനുമെതിരെ തിരിഞ്ഞു. പ്രവർത്തകരുടെ വികാരം മനസിലാക്കാൻ നേതാക്കൾക്ക് കഴിയണമെന്ന് വേണുഗോപാൽ പറഞ്ഞു. ജില്ലകൾ നേതാക്കളുടെ സാമ്രാജ്യം ആണെന്ന് ഒരു നേതാവും തെറ്റിദ്ധരിക്കേണ്ടതില്ല. അങ്ങനെ ധരിക്കുന്നവർക്ക് പാർട്ടിക്കാർ തന്നെ നല്ലോണം തന്നുകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പുനഃസംഘടന വൈകുന്നതിൽ വേണുഗോപാൽ യോഗത്തിൽ രോഷം പ്രകടിപ്പിച്ചു. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഇപ്പോഴത്തെ പ്രവർത്തനം പോരാ. തെരഞ്ഞെടുപ്പിൽ കേരളത്തിൽ 20 ൽ 20 സീറ്റും നേടുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ അവകാശവാദം. എന്നാൽ, ഈ പോക്കാണെങ്കിൽ അതുണ്ടാകില്ലെന്നും വേണുഗോപാൽ വിമർശിച്ചു.

കണ്ണൂരിൽ നിന്ന് ഇത്തവണ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ യോഗത്തിൽ അറിയിച്ചു. കെപിസിസി പ്രസിഡന്റ പടവും എംപി സ്ഥാനവും ഒന്നിച്ചു കൊണ്ടു പോകാൻ കഴിയാത്തതുകൊണ്ടാണ് ഇക്കുറി മത്സരത്തിന് ഇറങ്ങാത്തതെന്നും സുധാകരൻ പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത ബഹുഭൂരിപക്ഷം നേതാക്കളും സതീശനെയും സുധാകരനെയും കടുത്ത ഭാഷയിലാണ് വിമർശിച്ചത്.

English Summary: A K Antony criticize Congress KPCC Leadership.