കരുവന്നൂർ; ഇഡിക്ക്‌ തിരിച്ചടി, പിടിച്ചെടുത്ത ആധാരങ്ങൾ തിരികെ നൽകണമെന്ന്‌ ഹൈക്കോടതി

ആധാരങ്ങളുടെ പകര്‍പ്പ് എടുത്തശേഷം അസൽ ആധാരം തിരികെ നല്‍കണമെന്നും ഹൈക്കോടതി.

0
220

കൊച്ചി: കരുവന്നൂര്‍ കേസില്‍ ഇ ഡിക്ക് തിരിച്ചടി. കരുവന്നൂര്‍ ബാങ്കില്‍ നിന്നും പിടിച്ചെടുത്ത ആധാരങ്ങള്‍ തിരികെ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ബാങ്ക് അധികൃതര്‍ അപേക്ഷ നല്‍കിയാല്‍ വായ്പ തിരിച്ചടച്ചവരുടെ ആധാരങ്ങള്‍ തിരികെ നല്‍കണമെന്നും അന്വേഷണത്തിന് ആവശ്യമുള്ള ആധാരങ്ങളുടെ പകര്‍പ്പ് എടുത്തശേഷം അസൽ ആധാരം തിരികെ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ഹൈക്കോടതി നടപടി ആശ്വാസകരമെന്ന്‌ മന്ത്രി വി എൻ വാസവൻ പ്രതികരിച്ചു. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസില്‍ നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്‌ടമാകില്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി പ്രതികരിച്ചിരുന്നു. 282 കോടി രൂപ നിക്ഷേപകര്‍ക്ക് കൊടുക്കാനുണ്ടെന്നും 73 കോടി രൂപ ഇതുവരെ നല്‍കിയെന്നും 50കോടി രൂപ കൂടി നല്‍കാന്‍ ഉടന്‍ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഒരാള്‍ക്കും ഒരു രൂപ പോലും നഷ്‌ടമാവാത്ത രീതിയില്‍ കരുവന്നൂര്‍ ബാങ്കിലെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. പുനരുദ്ധാരണ നിധി ഉടന്‍ നിലവില്‍ വരും. കേരള ബാങ്കിന്റെ പ്രധാനപ്പെട്ട ഒരു ഉദ്യോഗസ്ഥനെ കരുവന്നൂര്‍ ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ആയി നിയമിക്കുമെന്നും മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി.

Englsih Summary: ED hits back in Karuvannur Bank Case.