ജി എസ് ടി അടച്ചില്ല; ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിക്കെതിരെ അന്വേഷണം

കേന്ദ്ര ടൂറിസം വകുപ്പിൽ നിന്ന് ലഭിച്ച 63 കോടി രൂപയുമായി ബന്ധപ്പെട്ടും പരിശോധന നടത്തും.

0
208

തിരുവനന്തപുരം: ജി എസ് ടി അടച്ചില്ലെന്നുകാട്ടി ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിക്കെതിരെ അന്വേഷണം. ചരക്ക് സേവന നികുതി ഇന്റലിജൻസ് ഡയറക്ടറേറ്റാണ് അന്വേഷണം തുടങ്ങിയത്.

ഭക്തരിൽ നിന്ന് ജി എസ് ടി ഈടാക്കിയെങ്കിലും ട്രഷറിയിൽ അടച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം. ജിഎസ്ടി നിലവിൽ വന്നിട്ടും ഇതുവരെയും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതി ജിഎസ്ടി അടച്ചിട്ടില്ലെന്നാണ് ചരക്ക് സേവന നികുതി ഇന്റലിജൻസ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടുന്നത്. ഇത് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഭരണസമിതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയാണ് ബുധനാഴ്ച അന്വേഷണം പ്രഖ്യാപിച്ചത്.

2017 മുതൽ 2023 മുതൽ ജിഎസ്ടി അടച്ചിട്ടില്ലെന്ന് നോട്ടീസിൽ പറയുന്നു. പൂജയും അനുബന്ധ കാര്യങ്ങളും ജിഎസ്ടിയുടെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ മറ്റ് വരുമാന മാർഗങ്ങൾ ക്ഷേത്ര ഭരണ സമിതിക്കുണ്ടെന്നാണ് ഡയറക്ടറേറ്റിന്റെ വിലയിരുത്തൽ.

ഇതിനുപുറമെ കേന്ദ്ര ടൂറിസം വകുപ്പിൽ നിന്ന് ലഭിച്ച 63 കോടിയിലും പരിശോധന നടത്തും. തീർത്ഥാടന ടൂറിസം പദ്ധതിയുടെ ഭാഗമായാണ് കേന്ദ്ര ടൂറിസം വകുപ്പിൽ നിന്ന് 63 കോടി രൂപ ലഭിച്ചത്. എന്നാൽ, ഈ തുക സമഗ്രമായി വിനിയോഗിച്ചോയെന്നും പരിശോധിക്കുന്നുണ്ട്. ഇക്കാര്യവും നോട്ടീസിൽ പറയുന്നു.

English Summary: GST not paid; Inquiry against Sri Padmanabhaswamy Temple.