‘ഇ ഡി പ്രതികാരബുദ്ധിയോടെ പെരുമാറരുത്’; രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ഇ ഡി ഉദ്യോഗസ്ഥ സമീപനം മോശം പ്രവർത്തനശൈലിക്കുള്ള ഉദാഹരണമാണെന്നും കോടതി തുറന്നടിച്ചു.

0
165

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അതിരൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. സുതാര്യമായും വിശ്വസനീയമായും പ്രവര്‍ത്തിക്കണമെന്നും പ്രതികാരബുദ്ധിയോടെ പെരുമാറരുതെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി. റിയൽഎസ്‌റ്റേറ്റ്‌ സ്ഥാപനം ‘എം3എം’ ഡയറക്ടർമാരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ്‌ ചെയ്‌ത നടപടി റദ്ദാക്കിയാണ്‌ ജസ്റ്റിസുമാരായ എ എസ്‌ ബൊപ്പണ്ണ, സഞ്‌ജയ്‌കുമാർ എന്നിവർ അംഗങ്ങളായ ബെഞ്ചിന്റെ പരാമർശം.

‘കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള ഇഡിയുടെ നീക്കങ്ങൾ സുതാര്യവും നിയമാനുസൃതവും ആകണം. രാജ്യത്തിന്റെ സാമ്പത്തികസുരക്ഷ സംരക്ഷിക്കാൻ ബാധ്യസ്ഥരായ അന്വേഷണഏജൻസിയുടെ ഭാഗത്തുനിന്ന്‌ പകവീട്ടുന്ന രീതിയിലുള്ള ഇടപെടലുകൾ ഉണ്ടാകരുത്‌’- സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഉയർന്ന അധികാരങ്ങളും പ്രവര്‍ത്തനങ്ങളും ഏല്‍പ്പിച്ചിരിക്കുന്ന ഒരു ഏജന്‍സി സുതാര്യമായിരിക്കണം. നീതിയുടെ മാനദണ്ഡങ്ങള്‍ പാലിക്കണം. പ്രതികാരബുദ്ധിയോടെ പെരുമാറരുതെന്നും ബെഞ്ച് നിരീക്ഷിച്ചു.

എം3എം ഡയറക്ടർമാരായ പങ്കജ്‌ ബൻസാലിനെയും ബസന്ത്‌ ബൻസാലിനെയും ജൂൺ 14ന്‌ ചോദ്യംചെയ്യാൻ വിളിച്ചുവരുത്തി ഇ ഡി അറസ്റ്റ്‌ ചെയ്യുകയായിരുന്നു. ഇതിനെതിരെ പഞ്ചാബ്‌, ഹരിയാന ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല. നടപടിക്രമങ്ങൾ പാലിക്കാതെയാണ്‌ അറസ്റ്റ്‌ ചെയ്‌തതെന്ന ഹർജിക്കാരുടെ വാദം സുപ്രീംകോടതി ശരിവച്ചു.

അറസ്റ്റിനുള്ള സാഹചര്യങ്ങൾ വിശദീകരിക്കുന്ന രേഖയുടെ പകർപ്പെങ്കിലും കൈമാറാത്ത ഇ ഡി ഉദ്യോഗസ്ഥ സമീപനം മോശം പ്രവർത്തനശൈലിക്കുള്ള ഉദാഹരണമാണെന്നും കോടതി തുറന്നടിച്ചു. ഇക്കാര്യമറിഞ്ഞാലേ അറസ്റ്റിലായ വ്യക്തിക്ക്‌ നിയമവഴികൾ തേടാൻ സാധിക്കുകയുള്ളൂ. ഭരണഘടനയുടെ 22(1) അനുച്ഛേദം ഇതിനുള്ള അവകാശം പൗരന്മാർക്ക്‌ നൽകുന്നുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു. ഇഡിയുടെ വിശാലഅധികാരങ്ങൾ ശരിവച്ച മുൻ ഉത്തരവ്‌ പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജികൾ 18ന്‌ പ്രത്യേകബെഞ്ച്‌ പരിഗണിക്കുന്നുണ്ട്‌.

English Summary: ED must act with utmost fairness: Supreme Court.