സിക്കിമിലെ മിന്നൽ പ്രളയം; മലയാളികളും കുടുങ്ങി, 43 പേരെ കാണാനില്ല

നാലായിരത്തോളം പേരെ ഒഴിപ്പിച്ചു.

0
189

ഗാങ്ടോക്ക്: സിക്കിമില്‍ മേഘവിസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിൽ മലയാളികൾ അടക്കം രണ്ടായിരം പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഒടുവിലെ റിപ്പോർട് അനുസരിച്ച് പത്ത് പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഇതിനകം നാലായിരത്തോളം പേരെ ഒഴിപ്പിച്ചു. പ്രളയത്തിൽ സൈനികര്‍ ഉള്‍പ്പടെ 43 പേരെ കാണാതായെന്ന് സർക്കാർ സ്ഥിരീകരിച്ചു. ഇതുവരെ 12 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. മലയാളികൾ കുടുങ്ങിയതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. എന്നാൽ, എത്രപേരാണ് അകപ്പെട്ടതെന്ന് വ്യക്തമല്ല.

രണ്ടുദിവസമായി കനത്തുപെയ്യുന്ന മഴക്കൊപ്പം ചൊവ്വാഴ്ചയുണ്ടായ മേഘവിസ്ഫോടനമാണ് വടക്കൻ സിക്കിമിൽ മിന്നൽപ്രളയത്തിനും ദുരിതങ്ങൾക്കും കാരണമാക്കിയത്. ലോനാക് തടാകത്തിന് സമീപത്തെ മേഘവിസ്ഫോടനമാണ് ദുരന്തത്തിനിടയാക്കിയത്. ഇതിന് പിന്നാലെ ചുങ്താങ് അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. അടിയന്തരമായി അണക്കെട്ട് തുറന്നതോടെ ടീസ്ത നദിയിലെ ജലനിരപ്പ് ഇരുപത് അടിയോളം ഉയർന്നു. നദി തീരത്തുള്ള സൈനിക ക്യാമ്പുകളിലേക്കും വെള്ളം ഇരച്ചെത്തി. സിങ്താമിന് സമീപം നിർത്തിയിട്ടിരുന്ന സൈനിക വാഹനങ്ങൾ ഒഴുകിപ്പോയി. 23 സൈനികരെ കാണാതായതായും ചില വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിയതായും കരസേന അറിയിച്ചു. കാണാതായവര്‍ക്കുള്ള തെരച്ചിൽ തുടരുകയാണ്.

ലാചെൻ താഴ്വരയിൽ സ്ഥിതി അതീവ സങ്കീർണമാണ്. താഴ്ന്ന പ്രദേശങ്ങളായ സാങ്‌കലാങ്, ബ്രിങ്ബോങ് എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്. പശ്ചിമ ബംഗാളിനേയും സിക്കിമിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത 10 നിരവധിയിടങ്ങളിൽ തകർന്നു. ചുങ്താങ് എൻഎച്ച്പിസി അണക്കെട്ടും പാലവും ഒലിച്ചുപോയി. വിവിധ സ്ഥലങ്ങളിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നദീതീരത്തുനിന്ന് ആളുകൾ മാറണമെന്ന് സിക്കിം സർക്കാര്‍ ജനങ്ങൾക്ക് നിര്‍ദേശം നൽകി. പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിലും നദീതീരത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.

English Summary: Sikkim flash floods live updates.