71 മെഡലിന്റെ തിളക്കം; ഏഷ്യൻ ഗെയിംസിൽ സർവകാല റെക്കോർഡ് മറികടന്ന് ഇന്ത്യ

ജ്യോതി സുരേഖ- ഓജസ് പ്രവീൺ സഖ്യം 71ാം മെഡലിലേക്ക് അമ്പെയ്യുകയായിരുന്നു

0
299

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിലെ മെഡൽ വേട്ടയിൽ സർവകാല റെക്കോർഡ് മറികടന്ന് ഇന്ത്യ. മിക്സഡ് ടീം കോമ്പൗണ്ട് അമ്പെയ്ത്തിൽ സ്വർണം നേടിയതോടെയാണ് ഹാങ് ചോയിൽ ഇന്ത്യ പുതിയ ചരിത്രം രചിച്ചിരിക്കുന്നത്. ഇന്ത്യയുടെ 71ാം മെഡലാണിത്.

ജ്യോതി സുരേഖ- ഓജസ് പ്രവീൺ സഖ്യമാണ് ഇന്ത്യക്കായി സ്വർണം നേടിയത്. 2018ൽ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന അവസാന ഏഷ്യൻ ​ഗെയിംസിൽ 70 മെഡലുകൾ നേടിയായിരുന്നു ഇന്ത്യ ചരിത്രം കുറിച്ചത്. ഈ റെക്കോർഡാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്.

ഇന്നലെവരെ 69 മെഡലുകൾ നേടിയിരുന്ന ഇന്ത്യ ഇന്ന് രാവിലെ 35 കിലോമീറ്റർ മിക്സഡ് നടത്ത മത്സരത്തിൽ വെങ്കലം സ്വന്തമാക്കിയതോടെ മുൻ റെക്കോർഡിനൊപ്പമെത്തി. റേസ് വാക്ക് മിക്സഡ് ടീമിൽ രാം ബാബുവും മഞ്ജു റാണിയുമാണ് വെങ്കലം നേടിയത്.

തുടർന്ന് ജ്യോതി സുരേഖ- ഓജസ് പ്രവീൺ സഖ്യം 71ാം മെഡലിലേക്ക് അമ്പെയ്യുകയായിരുന്നു. ഇനി അത്‌ലറ്റിക്സിൽ ഉൾപ്പെടെ നിരവധി മെഡലുകൾ ഇന്ത്യ ഇന്ന് പ്രതീക്ഷിക്കുന്നുമുണ്ട്.

നീരജ് ചോപ്ര ഇന്ന് ജാവലിൻ ത്രോയിൽ ഇറങ്ങും. മലയാളിയായ ഷീന വർക്കി ട്രിപ്പിൽ ജംപിലും ഇന്ന് മത്സരിക്കുന്നുണ്ട്. 4×400 മീറ്റർ റിലേ പുരുഷ വനിതാ ടീമുകളും ഇന്ന് മത്സരിക്കാൻ ഇറങ്ങും. മെഡൽ പട്ടികയിൽ നിലവിൽ നാലാം സ്ഥാനത്താണ് ഇന്ത്യ.

ഇന്നലെ 5000 മീറ്റർ ഓട്ടത്തിൽ ഇന്ത്യന്‍ താരം പരുള്‍ ചൗധരിയും ജാവലിൻ ത്രോയിൽ അന്നു റാണിയും ഇന്ത്യക്കായി സ്വർണം നേടിയിരുന്നു. ഇതാദ്യമായാണ് ഗെയിംസിന്‍റെ ചരിത്രത്തിൽ ജാവലിനിൽ ഒരു ഇന്ത്യൻ വനിതാ താരം സ്വർണം നേടുന്നത്.

പുരുഷന്മാരുടെ 800 മീറ്ററിൽ മലയാളി താരം മുഹമ്മദ് അഫ്സലും വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി ജോസനും വെള്ളി നേടിയിരുന്നു. ഏ​ഷ്യൻ ഗെയിംസ് അ​ത്‍ല​റ്റി​ക് മീ​റ്റി​ൽ മി​ക്സ​ഡ് റി​ലേ​യി​ലും ഇ​ന്ത്യ​ൻ ടീം ​വെള്ളി സ്വന്തമാക്കിയിരുന്നു.