പ്രണയബന്ധത്തിൽ നിന്നും പിന്മാറിയ18കാരിയെ ഗോഡൗണിൽ വെച്ച് 17കാരൻ കഴുത്തറുത്ത് കൊലപ്പെടുത്തി

ഇരുവരും തമ്മിലുള്ള ബന്ധം പെൺകുട്ടിയുടെ വീട്ടുകാർ അറിയുകയും ഇവരുടെ നിർബന്ധത്തെ തുടർന്ന് പെൺകുട്ടി 17-കാരനുമായുള്ള ബന്ധത്തിൽനിന്ന് പിന്മാറുകയായിരുന്നു

0
292

ചെന്നൈ: തിരുനെൽവേലിയിൽ ദളിത് പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ 17-കാരൻ അറസ്റ്റിൽ. തിരുനെൽവേലി സ്വദേശിനിയും ഫാൻസി സ്റ്റോർ ജീവനക്കാരിയുമായ സന്ധ്യ(18)യെയാണ് 17കാരൻ കഴുത്തറത്ത് കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.

ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയും ഇതരജാതിയിൽപ്പെട്ട 17കാരനും അടുപ്പത്തിലായിരുന്നു. എന്നാൽ പെൺകുട്ടി അടുത്തിടെ ബന്ധത്തിൽനിന്ന് പിന്മാറിയതാണ് കൊലയ്ക്ക് കാരണമായതെന്നാണ് പോലീസിന്റെ വിശദീകരണം.
നെല്ലൈപ്പാർ ക്ഷേത്രത്തിന് സമീപത്തെ ഫാൻസി സ്റ്റോറിൽ ജോലി ചെയ്ത് വരികയായിരുന്നു സന്ധ്യ. ഇതിനിടെയാണ് 17-കാരനുമായി പ്രണയത്തിലായത്. അടുത്തിടെ ഇരുവരും തമ്മിലുള്ള ബന്ധം പെൺകുട്ടിയുടെ വീട്ടുകാർ അറിയുകയും ഇവരുടെ നിർബന്ധത്തെ തുടർന്ന് പെൺകുട്ടി 17-കാരനുമായുള്ള ബന്ധത്തിൽനിന്ന് പിന്മാറുകയായിരുന്നു.

ഇനി തന്നെ വിളിക്കാൻ ശ്രമിക്കരുതെന്നും എല്ലാം അവസാനിപ്പിക്കണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിന് കൂട്ടാക്കാതിരുന്ന 17-കാരൻ പെൺകുട്ടിയെ വീണ്ടും പിന്തുടർന്ന് ശല്യപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.15-ഓടെ സന്ധ്യ ഫാൻസി സ്റ്റോറിലെ ഗോഡൗണിലേക്ക് പോയിരുന്നു. ഈ സമയം പ്രതിയും പെൺകുട്ടിയെ രഹസ്യമായി പിന്തുടരുകയും ഗോഡൗണിനുള്ളിലിട്ട് പ്രതി പെൺകുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് പ്രതി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.