ബഹ്റൈൻ ഫിലിം ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കമാവും

0
85

ബഹ്‌റൈൻ: മൂന്നാമത് ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവൽ 2023ന് വ്യാഴാഴ്ച തുടക്കമാവും. ഒക്ടോബർ അഞ്ച് മുതൽ ഒമ്പത് വരെയാണ് ഫെസ്റ്റിവൽ. ബിയോൺ മണി, ബഹ്‌റൈൻ നാഷണൽ ബാങ്ക് എന്നിവ മുഖ്യ പ്രായോജകരാകുന്ന ഫെസ്റ്റിവലിൻറെ മുഖ്യ സംഘാടകർ ബഹ്‌റൈൻ ഫിലിം ക്ലബാണ്. ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അന്നുഐമിയുടെ രക്ഷാധികാരത്തിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവൽ രാജ്യത്തെ സിനിമ മേഖലക്ക് കരുത്ത് പകരുന്ന ഒന്നായിരിക്കും.

സാംസ്‌കാരിക പ്രവർത്തനമെന്ന നിലക്കാണ് സിനിമ മുഖ്യധാരയിൽ എന്നും നിലകൊള്ളുന്നതെന്ന് ഇൻഫർമേഷൻ മന്ത്രി വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ സംസ്‌കാരങ്ങളും കലകളും അടുത്തറിയാനും പരസ്പരം മനസ്സിലാക്കാനും ഇതുപകരിക്കും. 2000 മുതലാണ് ഗൾഫ് രാജ്യങ്ങളിൽ സിനിമ മേഖലയിലെ ആദ്യ ഫെസ്റ്റിവലിന് ബഹ്‌റൈൻ സാക്ഷിയാവുന്നത്.

അന്ന് അറബ് ഫിലിം ഫെസ്റ്റിവലിന് തുടക്കം കുറിച്ചു. സിനിമ വ്യവസായ രംഗത്ത് വലിയ നേട്ടങ്ങളുണ്ടാക്കാനും സജീവ സാന്നിധ്യമാകാനും ബഹ്‌റൈന് സാധ്യമായിട്ടുണ്ട്. അറബ് രാജ്യങ്ങളിലെ മികച്ച തിരക്കഥകളും സിനിമകളും ഉണ്ടാകുന്നതിലും കാര്യമായ പങ്ക് ബഹ്‌റൈനുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.